Kerala

ഗുരുവായൂർ ഉത്സവത്തിന് ഇന്ന് ആറാട്ടോടെ സമാപനം

“Manju”

തൃശൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന് ഇന്ന് ആറാട്ടോടെ സമാപനമാകും. ഗ്രാമ പ്രദക്ഷിണത്തിനും പള്ളിവേട്ടക്കുമായി ഗുരുവായൂരപ്പൻ പുറത്തേക്ക് എഴുന്നള്ളി. കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി ചടങ്ങ് മാത്രമായാണ് ഉത്സവം നടന്നത്.

ഉത്സവത്തിന്റെ അവസാന നാളുകളിലെ പ്രധാന ചടങ്ങായ ഗ്രാമപ്രദക്ഷിണവും പള്ളിവേട്ടയും നിയന്ത്രണങ്ങളോടെയാണ് നടന്നത്. ഭക്തജനങ്ങളുടെ ആഹ്ലാദാരവങ്ങൾ കൊണ്ടും പങ്കാളിത്തം കൊണ്ടും കെങ്കേമമാവേണ്ടിയിരുന്ന ഗുരുവായൂർ ക്ഷേത്ര പരിസരം ഇത്തവണ ശുഷ്‌കമായിരുന്നു. ദീപാരാധനയ്ക്ക് ശേഷം തങ്കത്തിടമ്പും സ്വർണക്കോലവുമായി ഭഗവാൻ പുറത്തേക്കെഴുന്നള്ളി. അഞ്ചാനകൾ നിരക്കുന്ന എഴുന്നള്ളിപ്പ് മൂന്ന് ആനകളെ മാത്രമാക്കി ചുരുക്കിയാണ് നടത്തിയത്.

ആയുധമേന്തിയ ദേവസ്വം കൃഷ്ണനാട്ടം കലാകാരൻമാർ ഗ്രാമപ്രദക്ഷിണത്തിന് അകമ്പടിയേകി. പെരുവനം കുട്ടൻമാരാർ മേളത്തിന് നേതൃത്വം നൽകി. നിറപറയും ദീപങ്ങളുമായി ഭക്തർ ഭഗവാനെ വരവേറ്റു. രാത്രിയിൽ നടന്ന പള്ളിവേട്ടയ്ക്ക് നിയന്ത്രണങ്ങളുടെ ഭാഗമായി ദേവസ്വത്തിന്റെ ഒരു പന്നിവേഷം മാത്രമാണ് പങ്കെടുത്തത്. പന്നിയെ അമ്പെയ്ത് വീഴ്ത്തി ഭഗവാൻ ശ്രീലകത്തേക്ക് തിരിച്ചെഴുന്നള്ളി. ഇന്ന് വൈകീട്ട് ഗ്രാമപ്രദക്ഷിണവും രാത്രിയിൽ ആറാട്ടും നടക്കും. ഇതോടെ ഇത്തവണത്തെ ഗുരുവായൂർ ക്ഷേത്രോത്സവത്തിന് കൊടിയിറങ്ങും.

Related Articles

Back to top button