India

താരങ്ങളുടെ ട്വീറ്റിന് പിന്നിൽ സമ്മര്‍ദമെന്ന് പരാതി

“Manju”

മുംബൈ: സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണോ താരങ്ങള്‍ കാര്‍ഷിക നിയമത്തെ പിന്തുണച്ച് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ നടത്തിയതെന്ന് അന്വേഷിക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍.

കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് ട്വീറ്റ് ചെയ്യാന്‍ സച്ചിന്‍ ഉള്‍പ്പെടെയുള്ള താരങ്ങളില്‍ ബിജെപി സമ്മര്‍ദം ചെലുത്തിയെന്നും ഇതില്‍ അന്വേഷണം നടത്തണമെന്നും കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഉന്നയിച്ച് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടറി സച്ചിൻ സാവന്ത് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് സര്‍ക്കാര്‍ ഇടപെടല്‍.

അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി, സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൈന നെഹ്‌വാള്‍ എന്നിവരുടെ ട്വീറ്റുകള്‍ ഒരേ രീതിയിലുള്ളവയാണ്. അക്ഷയ് കുമാറിന്റേയും സൈന നെഹ്‌വാളിന്റേയും പ്രതികരണങ്ങള്‍ സമാനമാണ്, സുനില്‍ ഷെട്ടി ഒരു ബിജെപി നേതാവിനെ ടാഗ് ചെയ്തിട്ടുമുണ്ട്. താരങ്ങളും ബിജെപി നേതാക്കളും തമ്മില്‍ ആശയ വിനിമയം നടന്നിട്ടുണ്ടെന്നാണ് ഈ ട്വീറ്റുകളുടെ സമാനസ്വഭാവം സൂചിപ്പിക്കുന്നത്. ഇത് അന്വേഷിക്കപ്പെടണം. ട്വീറ്റ് ചെയ്യാന്‍ താരങ്ങള്‍ക്ക് മേൽ സമ്മര്‍ദമുണ്ടായോ എന്ന് പരിശോധിക്കണമെന്ന് കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടിരുന്നു.

കര്‍ഷക സമരത്തെ പിന്തുണച്ച് പോപ് താരം റിഹാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ് ത്യുന്‍ബെ എന്നിവര്‍ ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ഇന്ത്യന്‍ താരങ്ങള്‍ സോഷ്യല്‍ മീഡിയ പ്രതികരണവുമായി രംഗത്തെത്തിയത്. #IndiaAgainstPropaganda and #IndiaTogetherതുടങ്ങിയ ഹാഷ് ടാഗുകളോടെയാണ് താരങ്ങള്‍ ട്വീറ്റ് ചെയ്തത്.

താരങ്ങളുടെ ട്വീറ്റിനെതിരെ വലിയ വിമര്‍ശനവും ഉയര്‍ന്നിരുന്നു. തന്റേതല്ലാത്ത ഒരു മേഖലയെ കുറിച്ച് പ്രതികരിക്കുമ്പോള്‍ സച്ചിന്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണമെന്നായിരുന്നു എന്‍സിപി നേതാവ് ശരത് പവാറിന്റെ വിമര്‍ശനം.

Related Articles

Back to top button