KeralaLatestThiruvananthapuram

കേരള സര്‍വകലാശാല ഒഎന്‍വി പുരസ്‌കാരം കെ സച്ചിദാനന്ദന്

“Manju”

തിരുവനന്തപുരം: 2020 ലെ കേരള സർവ്വകലാശാല ഒ.എൻ.വി. പുരസ്കാരം കവി കെ.സച്ചിദാനന്ദന് നല്കും. ഡോ ദേശമംഗലം രാമകൃഷ്ണൻ ചെയർമാനായ കമ്മറ്റിയാണ് ഐക്യകണ്ഠേന അവാർഡിനായി സച്ചിദാനന്ദനെ നിർദ്ദേശിച്ചത്.

ജനാധിപത്യത്തിനും, മതസസൗഹാർദ്ദത്തിനും, മാനവികതയ്ക്കും ഭീഷണിയുയരുന്ന ഘട്ടങ്ങളിലെല്ലാം സർഗ്ഗാത്മകമായും അല്ലാതെയും പ്രതിഷേധ ശബ്ദമുയർത്തിയ പ്രതിഭയാണ് സച്ചിദാനന്ദൻ. നിശബ്ദമാകാൻ പറയുമ്പോൾ സംഭാഷണത്തിനു ശ്രമിക്കുന്ന, അധികാരകേന്ദ്രങ്ങൾ പലതും മറയ്ക്കാൻ ശ്രമിക്കുമ്പോൾ പീഡന കാലത്തിന്റെ സാക്ഷ്യങ്ങളുമായി എത്തുന്ന, മറവിയുടെ കാലത്ത് മറന്നുവെച്ച വസ്തുക്കൾ അന്വേഷിക്കുന്ന, ഇരുട്ട് പരക്കാൻ തുടങ്ങുന്നു എന്നു തോന്നിയാൽ സൂര്യന്മാരെ ഉദിപ്പിക്കുന്ന മലയാളത്തിന്റെ കവി പ്രതിഭയ്ക്ക് ഈ വർഷത്തെ ഒ.എൻ.വി. പുരസ്കാരം നല്കണമെന്ന ഡോ.സി. ആർ. പ്രസാദ്, ഡോ.എസ്.നസീബ്, ഡോ.എസ്.ഷിഫ എന്നിവർ കൂടി ഉൾപ്പെടുന്ന അവാർഡ് നിർണ്ണയകമ്മിറ്റിയുടെ ശുപാർശ സർവ്വകലാശാല വൈസ്ചാൻസലർ ഡോ.വി.പി. മഹാദേവൻപിള്ള അംഗീകരിക്കുകയായിരുന്നു.

കവിത, വിവർത്തനം, നാടകം, പഠനങ്ങൾ, എന്നിവയിലൂടെ മാനവികതയുടെ പക്ഷത്ത് അടിയുറച്ചു നില്ക്കുന്ന സച്ചിദാനന്ദൻ മലയാള ഭാഷയുടേയും മലയാളിയുടേയും ആത്മാഭിമാനത്തിന്റെ പ്രതീകമാണ്. ഒരുലക്ഷം രൂപയും ഫലകവുമടങ്ങുന്ന അവാർഡ് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് സർവ്വകലാശാല പത്രക്കുറിപ്പിൽ അറിയിച്ചു.

Related Articles

Back to top button