Sports

ഇന്ത്യ 329 ന് പുറത്ത്; ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച

“Manju”

ചെന്നൈ : ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 329 റൺസിന് പുറത്തായി. ആറിന് 300 എന്ന നിലയില്‍ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യക്ക് ഇന്ന് 29 റൺസ് മാത്രമാണ് സ്കോർ ബോർഡിൽ കൂട്ടിച്ചേർക്കാനായത്. അതിനിടെയിൽ ബാക്കി വിക്കറ്റുകളും വീണു. എന്നാൽ മത്സരം ഇപ്പോൾ ഇന്ത്യയുടെ വശത്താണ്. ഒന്നാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലീഷ് പടയ്ക്ക് തുടക്കത്തിൽ തന്നെ 4 വിക്കറ്റുകൾ നഷ്ടമായി. മത്സരത്തിന്റെ രണ്ടാം ദിനം ഉച്ചയൂണിന് പിരിയുമ്പോൾ ഇംഗ്ലണ്ട് 4വിക്കറ്റ് നഷ്ടത്തിൽ 39 റൺസ് എന്ന നിലയിലാണ്.

നായകൻ ജോ റൂട്ട് അടക്കമുള്ള മൂന്ന് മുൻനിര താരങ്ങൾ രണ്ടക്കം കാണാതെയാണ് പുറത്തായത്. സിബ്ലി 16ഉം റൂട്ട് ആറും ലോറൻസ് ഒൻപതും റൺസെടുത്തപ്പോൾ ഓപ്പണർ ബേൺസ് റൺസൊന്നുമെടുക്കാതെയാണ് കൂടാരം കയറിയത്. അശ്വിൻ രണ്ട് വിക്കറ്റുകളും അക്സർ പട്ടേലും ഇഷാന്ത് ശർമ്മയും ഓരോ വിക്കറ്റുകളും വീഴ്ത്തി. നിലവിൽ 8 റൺസെടുത്ത ബെൻ സ്റ്റോക്സാണ് ക്രീസിലുള്ളത്.

നേരത്തെ ഇന്ത്യൻ ഇന്നിംഗ്സിൽ രോഹിത് ശർമ്മ സെഞ്ച്വറിയും അജിങ്ക്യ രഹാനെയും ഋഷഭ് പന്തും അർദ്ധ സെഞ്ച്വറിയും നേടിയിരുന്നു. രണ്ടാം ദിനത്തിന്റെ തുടക്കത്തിൽ പന്ത് നേടിയ അർദ്ധ സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. പന്ത് 58 റൺസുമായി പുറത്താകാതെ നിന്നു. രോഹിത് ശർമ്മ 161 റൺസും രഹാനെ 67 റൺസുമെടുത്താണ് പുറത്തായത്. നായകൻ വിരാട് കോഹ് ലി അടക്കം 6 ഇന്ത്യൻ താരങ്ങളാണ് രണ്ടക്കം കാണാതെ പുറത്തായത്. ഇതിൽ തന്നെ മൂന്ന് പേർ പൂജ്യത്തിനാണ് പുറത്തായത്.

ഇംഗ്ലണ്ടിനായി മൊയീന്‍ അലി നാല് വിക്കറ്റ് വീഴ്ത്തി. ഒല്ലി സ്‌റ്റോണ്‍ മൂന്നും ജാക്ക് ലീച്ച് രണ്ടും വിക്കറ്റും നേടി.

Related Articles

Back to top button