KottayamLatest

പുതുപ്പള്ളിയിൽ വികസനം ഇല്ല: ഉമ്മൻചാണ്ടിയുടെ വീട്ടിലേക്ക് മാർച്ച്

“Manju”

കോട്ടയം: പുതുപ്പള്ളി മണ്ഡലത്തിലെ വികസന മുരടിപ്പിൽ പ്രതിഷേധിച്ച് യുവമോർച്ച കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രിയും പുതുപ്പളളി എംഎൽഎയുമായ ഉമ്മൻചാണ്ടിയുടെ വീട്ടിലേക്ക് മാർച്ച് നടത്തി. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ. പ്രഫുൽകൃഷ്ണൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ഉമ്മൻചാണ്ടി പുതുപ്പള്ളിയിലെ ജനങ്ങളോട് മാപ്പു പറയണമെന്ന് പ്രഫുൽ കൃഷ്ണൻ ആവശ്യപ്പെട്ടു.

അൻപതു വർഷത്തിലേറെയായി പുതുപ്പള്ളിയുടെ എംഎൽഎയായും ഏഴു വർഷം കേരളത്തിന്റെ മുഖ്യമന്ത്രിയായും പ്രവർത്തിച്ച ഉമ്മൻചാണ്ടി പുതുപ്പള്ളിയിലെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. കപട വാഗ്ദാനങ്ങൾ നൽകി വോട്ടുവാങ്ങി വിജയിക്കുകയായിരുന്നു. സ്വന്തം മണ്ഡലത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻകൈ എടുക്കാതെ കേരളത്തിലെ ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ് ഉമ്മൻചാണ്ടി. അൻപതുവർഷം തുടർച്ചയായി ജയിച്ചിട്ടും സ്വന്തം മണ്ഡലത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകാതെ വീണ്ടും മത്സരത്തിന് ഇറങ്ങുകയാണ് ഉമ്മൻചാണ്ടി. ജനങ്ങളോടുള്ള വെല്ലുവിളിയാണിത്. ഇതിന് ജനം മറുപടി നൽകുമെന്നും പ്രഫുൽ കൃഷ്ണൻ കൂട്ടിച്ചേർത്തു.

വാകത്താനം-പനച്ചിക്കാട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കാനായി 34 വർഷങ്ങൾക്കു മുൻപ് പണി ആരംഭിച്ച പാലക്കാലുങ്കൽ പാലം, കോടികൾ പാഴാക്കി വെറും അഞ്ചു തൂണുകൾ മാത്രം വെള്ളത്തിൽ നിർത്തി ഉപേക്ഷിച്ച അയർക്കുന്നം പാറക്കടവ് പാലം, പണിപൂർത്തിയാകാതെ കാടു കയറി നശിക്കുന്ന പുതുപ്പള്ളിയിലെ മിനി സിവിൽ സ്റ്റേഷൻ തുടങ്ങി പാതിവഴിയിൽ നിൽക്കുന്ന പദ്ധതികളും പ്രഫുൽ കൃഷ്ണൻ ചൂണ്ടിക്കാട്ടി.

പുതുപ്പള്ളി ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് വീടിന് സമീപം പോലീസ് ബാരിക്കേഡ് ഉയർത്തി തടഞ്ഞു. തുടർന്ന് പ്രവർത്തകർക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പ്രവർത്തകർ റോഡിലിരുന്ന് മുദ്രാവാക്യം വിളിച്ചു. പാതിവഴിയിൽ നിലച്ച പദ്ധതികളുടെ മാതൃകകളുമായി എത്തിയ പ്രവർത്തകർ അതിനുമുകളിൽ റീത്ത് വെക്കുകയും ചെയ്തു.

യുവമോർച്ച ജില്ലാ പ്രസിഡന്റ് സോബിൻ ലാൽ, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. നോബിൾ മാത്യു, പുതുപ്പള്ളി മണ്ഡലം പ്രസിഡന്റ് പി.കെ. ശ്രീകാന്ത്, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ അശ്വന്ത് മാമലശ്ശേരി, വി. ബിനുമോൻ, വൈസ്പ്രസിഡന്റുമാരായ അരവിന്ദ് ശങ്കർ, പ്രമോദ് സോമൻ, രാജ്മോഹൻ, ജില്ലാ സെക്രട്ടറിമാരായ എം.കെ. ശ്രീകുമാർ, അമൽ, ജില്ലാ ട്രഷറർ സബിൻ കുറിച്ചി തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Back to top button