Uncategorized

രാഷ്ട്രപതി 16ന് കേരളത്തിലെത്തും

“Manju”

കൊച്ചി: നാവികസേനയുടെ ആയുധപരിശീലന കേന്ദ്രമായ ഐ.എൻ.എസ് ദ്രോണാചാര്യയ്ക്ക് പ്രസിഡന്റ്സ് കളർ അവാർഡ് സമ്മാനിക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമു 16ന് കൊച്ചിയിലെത്തും. സായുധസേനാ യൂണിറ്റിന് നൽകുന്ന ഏറ്റവും ഉന്നതമായ അംഗീകാരമാണ് പ്രസിഡന്റ്സ് കളർ അവാർഡ്. രാഷ്ട്രപതിയായശേഷം ആദ്യമായാണ് ദ്രൗപദി മുർമു കേരളത്തിലെത്തുന്നത്. 16ന് വൈകിട്ട് 4.30ന് ഫോർട്ടുകൊച്ചിയിലെ ദ്രോണാചാര്യയിലാണ് അവാർഡ് സമ്മാനിക്കുക.

ഇന്ത്യയിലെയും വിദേശത്തെയും നാവികർക്ക് ആയുധപരിശീലനം നൽകുന്ന കേന്ദ്രമാണ് ഫോർട്ടുകൊച്ചിയിലെ ഐ.എൻ.എസ് ദ്രോണാചാര്യ. പിസ്റ്റൾ മുതൽ മിസൈലുകൾ, റഡാറുകൾ തുടങ്ങിയവ ഉപയോഗിക്കാൻ പരിശീലനം നൽകുന്ന ദ്രോണാചാര്യ ഇന്ത്യൻ നാവികസേനയുടെ പ്രധാനപ്പെട്ട പരിശീലനകേന്ദ്രമാണ്. 820 ഓഫീസർമാർക്കും 1200 മറ്റുള്ളവർക്കും പ്രതിവർഷം പരിശീലനം നൽകുന്നുണ്ട്.

സ്വാതന്ത്ര്യത്തിന് മുമ്പ് റോയൽ നേവിയുടെ ഭാഗമായിരുന്ന പരിശീലനകേന്ദ്രം കറാച്ചിയിലാണ് പ്രവർത്തിച്ചിരുന്നത്. വിഭജനത്തോടെ പാക്കിസ്ഥാന്റെ ഭാഗമായ കറാച്ചിയിൽ നിന്ന് കൊച്ചി വില്ലിംഗ്ടൺ ഐലൻഡിലെ ഐ.എൻ.എസ് വെണ്ടുരുത്തിയിലേക്ക് മാറ്റിസ്ഥാപിക്കുകയായിരുന്നു. പിന്നീട് ഫോർട്ടുകൊച്ചി കടൽത്തീരത്തേയ്ക്ക് മാറ്റിസ്ഥാപിച്ചു. നാവികത്താവളം, തുറമുഖം എന്നിവയുടെ സുരക്ഷാച്ചുമതലയും ദ്രോണാചാര്യ നിർവഹിച്ചിരുന്നു. ചെറുതോക്കുകൾ മുതൽ മിസൈലുകൾ ഉൾപ്പെടെ വൻ ആയുധശേഖരവും ദ്രോണാചാര്യയിലുണ്ട്. നാവികസേന ഉപയോഗിക്കുന്ന എല്ലാത്തരം ആയുധങ്ങളിലും അത്യാധുനിക ഉപകരണങ്ങളിലും പരിശീലനം നൽകുന്നുണ്ട്. ഇന്ത്യൻ നാവികസേനയ്ക്ക് പുറമെ സൗഹൃദരാജ്യങ്ങളിലെ നാവികർക്കും പതിവായി വിദഗ്ദ്ധപരിശീലനം നൽകുന്നുണ്ട്. കോസ്റ്റ് ഗാർഡ്, മറൈൻ പൊലീസ്, സംസ്ഥാന പൊലീസ് എന്നിവയ്ക്കും പരിശീലനം നൽകുന്നു.

സായുധസേനാ യൂണിറ്റുകൾക്ക് നൽകുന്ന ഏറ്റവും ഉന്നതമായ അംഗീകാരമാണ് പ്രസിഡന്റ്സ് കളർ അവാർഡ്. ‘നിഷാൻഎന്ന പേരിൽ യൂണിറ്റിലെ ഓഫീസർമാരുടെ യൂണിഫോമിന്റെ വലതുകൈയിൽ ധരിക്കുന്ന പ്രത്യേക ചിഹ്നവും ലഭിക്കും. സായുധസേനകളുടെ സുപ്രീം കമാൻഡറായ രാഷ്ട്രപതിയാണ് അതിവിശിഷ്ഠ സേവനത്തിനുള്ള അവാർഡ് സമ്മാനിക്കുന്നത്.

1950ൽ രാജ്യം റിപ്പബ്ലിക്കാകും മുമ്പ് കിംഗ്സ് ഫ്ളാഗ്, ക്വീൻസ് ഫ്ളാഗ് എന്നീ അംഗീകാരങ്ങളാണ് നൽകിയിരുന്നത്. 1951 മേയിലാണ് പ്രസിഡന്റ് ഒഫ് ദ റിപ്പബ്ളിക് ഒഫ് ഇന്ത്യാസ് കളേഴ്സ് എന്ന അവാർഡ് ആരംഭിച്ചത്. നാവികസേനയാണ് ഡോ. രാജേന്ദ്രപ്രസാദിൽ നിന്ന് ആദ്യ അവാർഡ് സ്വീകരിച്ചത്.

Related Articles

Back to top button