ചെന്നൈ: തമിഴ്നാട്ടില്‍ ദ്രാവിഡ മുന്നേറ്റത്തിന്റെ മറ്റൊരു അധ്യായത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്. സ്കൂള്‍ പാഠപുസ്തകങ്ങളില്‍ പ്രതിബാധിക്കുന്ന പ്രമുഖരുടെ പേരിനൊപ്പമുള്ള ജാതിവാല് വെട്ടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. കുട്ടികളില്‍ ജാതിപരമായ വേര്‍തിരിവും ചിന്തയും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ജാതിവാല് നീക്കി പകരം ഇനീഷ്യല്‍ മാത്രമായിട്ടാകും പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച് വിദ്യാര്‍ഥികളിലേക്ക് എത്തിക്കുക.
മൂന്ന് വര്‍ഷത്തിനിടെ അച്ചടി പൂര്‍ത്തിയാക്കി വിതരണം ചെയ്യാനിരുന്ന 12ല്‍ അധികം പാഠപുസ്തകങ്ങളിലാണ് പ്രധാനമായും ഇത്തരത്തില്‍ തിരുത്തലുകള്‍ വരുത്തിയത്. തീരുമാനം നടപ്പിലാക്കാനുള്ള നിര്‍ദ്ദേശം പ്രസിദ്ധീകരണ വകുപ്പിന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് നല്കി. പേരിനൊപ്പമുള്ള നാടാര്‍, പിള്ളൈ, ശെട്ട്യാര്, അയ്യങ്കാര്‍, നായിഡു, അയ്യര്‍ തുടങ്ങിയ ജാതി വാലുകളാണ് ഒഴിവാക്കിയത്.
നേരത്തെ മുന്‍ മുഖ്യമന്ത്രിമാരായിരുന്ന കരുണാനിധിയും എംജിആറും സമാന തീരുമാനങ്ങളിലൂടെ ശ്രദ്ധ നേടിയിരുന്നു. തെരുവുകള്‍ക്ക് പേര് നല്കുമ്ബോള് ജാതിപ്പേര് ഒഴിവാക്കണമെന്ന് എം.ജി.ആറും ജില്ലകള്‍ക്ക് പേര് നല്കുമ്ബോള് ജാതിപ്പേര് ഒഴിവാക്കാന്‍ 1997ല്‍ കരുണാനിധിയും ഉത്തരവിട്ടിരുന്നു. ഇതേപാത പിന്തുടര്ന്നാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഒന്നു മുതല്‍ പ്ലസ്ടു വരെയുള്ള പാഠപുസ്തകങ്ങളിലെ ജാതിപ്പേരുകള്‍ നീക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ജാതി വ്യവസ്ഥയ്ക്കെതിരായ മുന്നേറ്റങ്ങളിലൂടെയാണ് തമിഴ്നാട്ടില്‍ ദ്രാവിഡ പാര്‍ട്ടി രൂപീകരിക്കുന്നത്. പെരിയാറും അണ്ണദുരൈയുമെല്ലാം തുടങ്ങിവെച്ച ആശയങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട ദ്രാവിഡ പാര്‍ട്ടികള്‍ പിന്നീട് പ്രബലരായ കോണ്‍ഗ്രസിനെ തന്നെ ചരിത്രമാക്കികൊണ്ട് തമിഴ്നാട് രാഷ്ട്രീയത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.