KozhikodeLatest

യുവതിയെ അപമാനിച്ചെന്ന പരാതിയില്‍ ജീവനക്കാരനെതിരെ കേസ്

“Manju”

വി. എം. സുരേഷ് കുമാർ

വടകര : പയ്യോളി നഗരസഭാ ഓഫീസിലെത്തിയ യുവതിയെ അപമാനിച്ചെന്ന പരാതിയില്‍ ഓഫീസ് ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു. പയ്യോളി നഗരസഭയിലെ ഫുള്‍ടൈം സ്വീപ്പറായ ഇരിങ്ങത്ത് കുന്നത്ത് മീത്തല്‍ കെ. എം. അഭിലാഷിനെ (38) തിരെയാണ് കേസെടുത്തത്. ഇയാളെ മര്‍ദ്ദിചെന്ന പരാതിയില്‍ യുവതിയുടെ ഭര്‍ത്താവിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. വീടിന്റെ പ്ലാന്‍ പുതുക്കാനായി ഓഫീസിലെത്തിയ യുവതിയെ ബാക്ക് ഫയല്‍ എടുക്കാനായി ഏറ്റവും മുകള്‍ നിലയിലുള്ള റിക്കോര്‍ഡ് റൂമിലേക്ക് ജീവനക്കാരന്‍ കൂട്ടികൊണ്ട് പോയെന്നും ഇവിടെ വെച്ച് അപമാനിച്ചുവെന്നുമാണ് പരാതി. എന്നാല്‍ ബധിരനും മൂകനുമായ ജീവനക്കാരന്റെ ആംഗ്യഭാഷ്യ യുവതി തെറ്റിദ്ധരിച്ചതാണെന്ന് അഭിലാഷും ജീവനക്കാരും പറയുന്നു. യുവതി വിളിച്ചറിയിച്ചതിനെ തുടര്‍ന്നു ഓഫീസിലെത്തിയ ഭര്‍ത്താവ് താഴത്തെ നിലയില്‍ ജോലി ചെയ്യുകയായിരുന്ന ജീവനക്കാരനെ മര്‍ദ്ദിക്കുകയായിരുന്നു. അപ്പോഴാണ് ഓഫീസിലുള്ള മറ്റ് ജീവനക്കാരും കൌണ്‍സിലര്‍മാരും സംഭവം അറിയുന്നത്.

ഉടന്‍ തന്നെ പോലീസില്‍ അറിയിച്ചെങ്കിലും സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ കസ്റ്റഡിയില്‍ എടുക്കാതെ വിട്ടയച്ചതിനെ തുടര്‍ന്നു ജീവനക്കാര്‍ ഒന്നടങ്കം ഓഫീസ് ബഹിഷ്കരിച്ച് പുറത്ത് പ്രതിഷേധ ധര്‍ണ്ണ നടത്തി. ഇതിനിടയില്‍ മര്‍ദ്ദനമേറ്റ ജീവനക്കാരന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

മൂന്ന്‍ മണിയോടെ ജീവനക്കാരനെതിരെയുള്ള പരാതി യുവതിയും ബന്ധുവായ മുന്‍ വനിതാ കൌണ്‍സിലരും ചേര്‍ന്ന് പയ്യോളി പോലീസ് സ്റ്റേഷനില്‍ നേരിട്ട് കൈമാറാന്‍ എത്തിയിരുന്നു. എന്നാല്‍ യുവതിയുടെ ഭര്‍ത്താവിനെതിരെ കേസെടുത്തിട്ടുണ്ടെന്നും ഇയാളെ ഹാജാരാക്കിയാല്‍ മാത്രമേ യുവതിയെ പോവാന്‍ അനുവദിക്കൂവെന്നും പോലീസ് പറഞ്ഞെന്ന് ഇതിനിടെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരണം നടന്നു. പിന്നീട് അഞ്ചരയോടെ യുവതി പോലീസ് സ്റ്റേഷനില്‍ നിന്ന്‍ പുറത്തിറങ്ങി. മൊഴി രേഖപ്പെടുത്താനായുള്ള വനിതാ പോലീസിന്റെ സേവനം ലഭിക്കാന്‍ വൈകിയതാണ് കാരണമെന്നാണ് പോലീസിന്റെ വിശദീകരണം. മോശമായി പെരുമാറിയെന്ന കുറ്റം ചുമത്തിയാണ് യുവതിയുടെ പരാതിയില്‍ ജീവനക്കാരനെതിരെ പോലീസ് കേസെടുത്തത്.

ജീവനക്കാരന്റെ പരാതിയില്‍ യുവതിയുടെ ഭര്‍ത്താവിനെതിരെ ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്ന വകുപ്പും 2016 ലെ ഭിന്നശേഷിക്കാര്‍ക്കുള്ള സംരക്ഷണം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. ഇയാള്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.

ജീവനക്കാരുടെ പ്രതിഷേധ ധര്‍ണ്ണയില്‍ഇ.കെ. ജീവരാജ്, കെ.പ്രകാശ്, കെ.സുഹറ എന്നിവര്‍ സംസാരിച്ചു. അപമര്യാദയായി പെരുമാറിയ ജീവനക്കാരനെ സസ്പെന്‍റ് ചെയ്യണമെന്ന് ബിജെപി മുന്‍സിപ്പല്‍ സൌത്ത് കമ്മറ്റി നഗരസഭാ അധികൃതരോട് ആവശ്യപ്പെട്ടു.

 

Related Articles

Back to top button