KeralaLatest

വിസ്മയ മോഹന്‍ലാലിനെ അഭിനന്ദിച്ച്‌ അമിതാഭ് ബച്ചന്‍

“Manju”

മോഹന്‍ലാലിന്റെ മകള്‍ വിസ്മയയ്ക്ക് ആശംസകള്‍ നേര്‍ന്ന് നടന്‍ അമിതാഭ് ബച്ചന്‍. വാലന്റൈന്‍സ് ദിനത്തില്‍ പെന്‍ഗ്വിന്‍ ബുക്‌സ് പുറത്തിറക്കിയ വിസ്മയയുടെ കാവ്യ ചിത്ര പുസ്തകം ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്എന്ന പുസ്തകത്തെക്കുറിച്ചുള്ള അഭിപ്രായം പങ്കുവച്ചാണ് ബച്ചന്‍ ആശംസകള്‍ നേര്‍ന്നത്.

– ‘മോഹന്‍ലാല്‍, മലയാള സിനിമയുടെ സൂപ്പര്‍താരം, എനിക്ക് ഒരുപാട് ആരാധനയുള്ള ഒരാള്‍. അദ്ദേഹത്തിന്റെ മകള്‍ വിസ്മയ എഴുതിയ ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്ന പുസ്തകം എനിക്കയച്ചുതന്നു. കവിതകളിലൂടെയും ചിത്രങ്ങളിലൂടെയും സര്‍ഗ്ഗാത്മകവും സൂക്ഷ്മവുമായ യാത്ര. കഴിവ് പാരമ്പര്യമായി കിട്ടുന്നതാണ്. എല്ലാ ഭാവുകങ്ങളും.’- ബച്ചന്‍ ഫേസ്ബുക്കില്‍ കുറിച്ചു. –

ജാപ്പനീസ് ഹൈക്കു കവിതകളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് വിസ്മയ എഴുതിയ എഴുപതിലധികം ചെറുകവിതകളും അതിനനുസരിച്ച്‌ വരച്ച ചിത്രങ്ങളും ചേര്‍ന്നതാണ് പുസ്തകം. വിസ്മയയുടെ ആദ്യപുസ്തകമാണിത്. പത്തും പതിനഞ്ചും വരികളുള്ള കവിതകള്‍ മുതല്‍ ഒറ്റവരി കവിതകള്‍ വരെ സമാഹാരത്തിലുണ്ട്. പ്രണയവും വിരഹവും കുറുമ്പും കുസൃതിയും അമൂര്‍ത്തമായ ആശയങ്ങളുമെല്ലാം കവിതയില്‍ പ്രതിപാദ്യ വിഷയമാകുന്നുണ്ട്.

മുന്‍പ് വിസ്മയയുടെ പുസ്തകത്തിന് ആശംസകളുമായി മോഹന്‍ലാല്‍, പ്രണവ് മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരും സമൂഹമാധ്യമങ്ങളില്‍ കുറിപ്പുകള്‍ പങ്കുവച്ചിരുന്നു. ‘മകളുടെ പുസ്തക റിലീസിനെ കുറിച്ച്‌ അനൗണ്‍സ് ചെയ്യുന്ന ഈ നിമിഷം ഒരച്ഛന്‍ എന്ന രീതിയില്‍ എനിക്കേറെ അഭിമാനമുള്ള ഒന്നാണ്. ഫെബ്രുവരി 14നാണ് മകളുടെ പുസ്തകമായ ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്റിലീസ് ചെയ്യുന്നത്. കവിതകളെയും കലയേയും കുറിച്ചുള്ള പുസ്തകം പെന്‍ഗ്വിന്‍ ഇന്ത്യയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ സംരംഭത്തിന് എല്ലാവിധ ആശംസകളും,’ മോഹന്‍ലാല്‍ കുറിച്ചത് ഇങ്ങനെ.

തായ് ആയോധന കല അഭ്യസിക്കുന്നതിന്റെ വീഡിയോകള്‍ വിസ്മയ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരുന്നു. പൊതുചടങ്ങുകളിലും കുടുംബ ഫൊട്ടോകളിലും വിസ്മയയെ വളരെ അപൂര്‍വ്വമായേ കാണാറുളളൂ. അടുത്തിടെ മോഹന്‍ലാലിന്റെ സന്തതസഹചാരിയായ ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കുടുംബത്തിനൊപ്പം വിസ്മയയും എത്തിയിരുന്നു. പള്ളിയിലെ ചടങ്ങുകളിലും പിന്നീട് നടന്ന വിവാഹവിരുന്നിലും മോഹന്‍ലാലും കുടുംബവും പങ്കെടുത്തിരുന്നു.

Related Articles

Back to top button