IndiaKeralaLatest

മന്ത്രിമാരായ കെകെ ശൈലജയും ഇ ചന്ദ്രശേഖരനും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു,

“Manju”

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറും റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരനും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. മെഡിക്കല്‍ കോളേജ് കൊവിഡ്19 വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നിന്നാണ് ഇരുവരും വാക്‌സിന്‍ സ്വീകരിച്ചത്.
സംസ്ഥാനത്ത് വാക്‌സിനേഷന്‍ സുഗമമായി നടക്കുന്നതായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇതുവരെ നാല് ലക്ഷത്തിലധികം പേര്‍ വാക്‌സിനെടുത്തു കഴിഞ്ഞു. ആര്‍ക്കും തന്നെ ഗുരുതര പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. ആയിരത്തിലധികം സെന്ററുകള്‍ വാക്‌സിനെടുക്കാന്‍ വിവിധ ജില്ലകളില്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതുകൂടാതെ പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് മാസ് വാക്സിനേഷന്‍ കേന്ദ്രം സംഘടിപ്പിച്ചിരുന്നു. അതുപോലെ മാസ് വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ സാധ്യതയും നോക്കുന്നതാണ്. ഇതോടെ കൂടുതല്‍ ആളുകള്‍ക്ക് ഒരേസമയം വാക്സിന്‍ നല്‍കാന്‍ സാധിക്കും. മുന്‍ഗണനാക്രമം അനുസരിച്ച്‌ എല്ലാവരും വാക്സിന്‍ എടുക്കേണ്ടതാണ്. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തുവേണം വാക്സിന്‍ എടുക്കാന്‍. രജിസ്റ്റര്‍ ചെയ്യുമ്ബോള്‍ നേരിയ സാങ്കേതിക തടസമുണ്ടെങ്കിലും മറ്റ് തടസങ്ങളൊന്നും തന്നെ കേരളത്തിലില്ലെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ കൊവിഡ് പ്രതിരോധം വളരെ ശാസ്ത്രീയമായ രീതിയിലാണ് മുന്നോട്ട് പോകുന്നത്. കേരളത്തിലാണ് ആദ്യം കൊവിഡ് തുടങ്ങിയതെങ്കിലും പീക്ക് ഏറ്റവും അവസാനമുണ്ടായത് ഇവിടെയാണ്. മറ്റ് സ്ഥലങ്ങളില്‍ പെട്ടന്ന് ഗ്രാഫ് ഉയര്‍ന്നതിന്റെ ഫലമായി മരണസംഖ്യയും കൂടിയിരുന്നു. അതേസമയം കേരളത്തിലെ മരണസംഖ്യ ഇപ്പോഴും 0.4 ശതമാനമാണ്. മാത്രമല്ല കൊവിഡ് സമയത്ത് മറ്റ് മരണങ്ങളും കൂടിയിട്ടില്ല എന്നത് നിതാന്ത ജാഗ്രതയോടെ എല്ലാ വകുപ്പുകളും ഇടപെട്ട് പ്രവര്‍ത്തിച്ചതിന്റെ ഫലം കൂടിയാണ്. ഇത് ലോകത്ത് തന്നെ അപൂര്‍വമാണ്. ഐസിഎംആറിന്റെ സിറോ സര്‍വയന്‍സ് പഠനത്തില്‍ കേരളത്തില്‍ രോഗം വന്നു പോയവരുടെ എണ്ണം വളരെ കുറവായിരുന്നു. രോഗം വരാന്‍ സാധ്യതയുള്ളവര്‍ കൂടുതലുള്ളതിനാല്‍ ഇനിയും ജാഗ്രത തുടരേണ്ടതാണ്. അതിനാല്‍ വാക്‌സിന്‍ എടുക്കുമ്ബോള്‍ ഏറ്റവുമധികം ഗുണം കിട്ടുന്നതും കേരളത്തിനാണ്.
വാക്സിന്റെ ആദ്യ ഡോസ് എടുത്ത് കഴിഞ്ഞാല്‍ പ്രതിരോധമായെന്ന് കരുതരുത്. 28 ദിവസം കഴിഞ്ഞ് രണ്ടാമത്തെ ഡോസ് എടുക്കണം. അതുകഴിഞ്ഞ് 14 ദിവസം കഴിഞ്ഞേ പ്രതിരോധശേഷി കൈവരികയുള്ളൂ. അത്രയും ദിവസം ജാഗ്രത തുടരേണ്ടതാണ്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും തൊട്ടടുത്ത ദിവസങ്ങളില്‍ വാക്സിന്‍ എടുക്കുന്നതാണെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Back to top button