IndiaKeralaLatest

കശ്മീരിലെ മതകുടിയേറ്റത്തിനും പ്രധാന വ്യക്തികളെ വധിക്കാനും പദ്ധതി

“Manju”

കൊച്ചി: ഐഎസ് ഭീകരസംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കേരളം, കശ്മീർ, കർണാടക, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ പ്രധാന വ്യക്തികളെ വധിക്കാനാണ് ഭീകരസംഘടന ലക്ഷ്യമിട്ടിരുന്നത്. കഴിഞ്ഞ ദിവസം എൻഐഎ നടത്തിയ റെയ്ഡിൽ മലയാളികളടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ ലഭ്യമായത്.

ജമ്മു കശ്മീരിലേക്ക് മതപരമായ കുടിയേറ്റം നടത്താനും സംഘം പദ്ധതിയിട്ടിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. മുഹമ്മദ് അമീൻ, കൊല്ലം ഓച്ചിറ മേമന സ്വദേശിയായ ഡോ. റഹീസ് റാഷിദ്, മുഷാബ് അൻവർ എന്നിവരാണ് പിടിയിലായത്. ഇതിൽ മുഷാബ് അൻവറും മലയാളിയാണെന്നാണ് സൂചന.

വിവിധ സംസ്ഥാനങ്ങളിലെ യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യാനും ആക്രമണം നടത്താനും ഇവർ ഗൂഢാലോചന നടത്തിയിരുന്നു എന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ട്. ടെലഗ്രാം, ഇൻസ്റ്റഗ്രാം, ഹൂപ്പ് എന്നീ സാമൂഹിക മാദ്ധ്യമങ്ങൾ വഴിയാണ് ഇവർ യുവാക്കളെ ആകർഷിക്കാൻ ആശയപ്രചാരണം നടത്തിയത്.

കേരളത്തിൽ ഓച്ചിറയിലെ ഡോക്ടറുടെ വസതിയിലും കാസർകോട്, കണ്ണൂർ, മലപ്പുറം ജില്ലകളിലെ ഏഴ് കേന്ദ്രങ്ങളിലുമാണ് എൻഐഎ ഒരേസമയം റെയ്ഡ് നടത്തിയത്. ബംഗളൂരുവിലെ രണ്ട് കേന്ദ്രങ്ങളിലും ഡൽഹിയിലെ ജഫ്രാബാദിലും റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്നും ലാപ്‌ടോപ്പും, മൊബൈൽ ഫോണും, പെൻഡ്രൈവുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇവ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുമെന്നും അധികൃതർ അറിയിച്ചു.

Related Articles

Back to top button