IndiaKeralaLatest

പരോളിലിറങ്ങി ‘മരണ സര്‍ട്ടിഫിക്കറ്റ്’ ഉണ്ടാക്കി കബളിപ്പിച്ചയാള്‍ പിടിയില്‍

“Manju”

ബുലന്ദ് ഷഹര്‍ : കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരവെ പരോളിലിറങ്ങി മുങ്ങിയ പ്രതി 16 വര്‍ഷത്തിന് ശേഷം പിടിയില്‍. പരോളിലിറങ്ങിയ ഉടന്‍ താന്‍ മരിച്ചു എന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയശേഷമാണ് പ്രതി പൊലീസിനെ കബളിപ്പിച്ച് സ്വൈര്യവിഹാരം നടത്തിയത്. മീററ്റിലെ സര്‍ദാന സ്വദേശി അനിരാജ് സിങിനെയാണ് ബുലന്ദ് ഷഹര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
1988 ലാണ് കൊലപാതകക്കുറ്റത്തിന് അനിരാജ് അറസ്റ്റിലായത്. തുടര്‍ന്ന് വിചാരണക്കോടതി ഇയാളെ ശിക്ഷിച്ചു. സുപ്രീംകോടതിയില്‍ വരെ അനിരാജ് അപ്പീല്‍ നല്‍കിയെങ്കിലും പരമോന്നത കോടതിയും പ്രതിയുടെ ജീവപര്യന്തം ശിക്ഷ ശരിവെക്കുകയായിരുന്നു. ശിക്ഷ അനുഭവിച്ചു വരവെ, 2004 ലാണ് ഇയാള്‍ പരോളിന് അപേക്ഷിക്കുന്നത്.
ജയില്‍ബോര്‍ഡ് പ്രതിക്ക് പ്രത്യേക പരിഗണന നല്‍കി പരോള്‍ അനുവദിച്ചു. എന്നാല്‍ പരോളില്‍ പുറത്തിറങ്ങിയ പ്രതി ഉടന്‍ തന്നെ തന്റെ വ്യാജ മരണസര്‍ട്ടിഫിക്കറ്റുണ്ടാക്കി. ഔദ്യോഗിക സര്‍ട്ടിഫിക്കറ്റുകളിലെല്ലാം മരിച്ചതായി രേഖകള്‍ ചമച്ചു. തുടര്‍ന്ന് പ്രതി സെക്യൂരിറ്റി ജോലിക്കായി അപേക്ഷ അയച്ചു.
ഇതിലെ താമസസ്ഥലം കുടുക്കാകുമെന്ന് സംശയം തോന്നിയതോടെ താമസസ്ഥലവും മാറി. തുടര്‍ന്ന് നോയിഡ, പാനിപ്പത്ത്, ഗുരുഗ്രാം തുടങ്ങിയ സ്ഥലങ്ങളില്‍ സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഭാര്യയും രണ്ട് കുട്ടികളോടും ഒപ്പമാണ് ഇയാള്‍ താമസിച്ചിരുന്നത്.
കഴിഞ്ഞവര്‍ഷമാണ് അനിരാജ് വീവിച്ചിരിക്കുന്നതായി മീററ്റ് പൊലീസിന് ചില സൂചനകള്‍ ലഭിച്ചത്. ഇതേത്തുടര്‍ന്ന് ഇയാളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 20,000 രൂപ ഇനാം പൊലീസ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞദിവസം ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇയാളുടെ പക്കല്‍ നിന്നും ഇന്ത്യന്‍ നിര്‍മ്മിത റിവോള്‍വറും പിടിച്ചെടുത്തിട്ടുണ്ട്. വ്യാജരേഖ ചമച്ചതിനും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി ബുലന്ദ് ഷഹര്‍ പൊലീസ് സൂപ്രണ്ട് സന്തോഷ് കുമാര്‍ സിങ് അറിയിച്ചു.

Related Articles

Back to top button