IndiaLatest

നിര്‍മ്മാണത്തിലിരിക്കുന്ന ടണല്‍ തകര്‍ന്നു; 40ഓളം തൊഴിലാളികള്‍ കുടുങ്ങി

“Manju”

ഉത്തരകാശി: ഉത്തരാഖണ്ഡില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ടണല്‍ തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി. 40ഓളം നിര്‍മ്മാണത്തൊഴിലാളികള്‍ ടണലിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. സംസ്ഥാന ദുരന്ത നിവാരണ സേനയുടേയും പോലീസിന്റേയും നേതൃത്വത്തില്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ജെസിബി ഉപയോഗിച്ച്‌ തുരങ്കത്തിന് മുന്നില്‍ വീണ് കിടക്കുന്ന മണ്ണ് നീക്കം ചെയ്യാനാണ് ഇപ്പോള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. യമുനോത്രി ദേശീയപാതയ്‌ക്ക് സമീപം ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്.

സില്‍ക്ക്യാര ദണ്ഡല്‍ഗാവി മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ടണലിന്റെ ഒരു ഭാഗമാണ് തകര്‍ന്നത്. തുരങ്കം തുടങ്ങുന്ന ഭാഗത്ത് നിന്ന് ഏകദേശം 200 മീറ്റര്‍ മാറിയാണ് അപകടമുണ്ടായതെന്ന് ടണലിന്റെ നിര്‍മ്മാണച്ചുമതലയുള്ള ഹൈഡ്രോ ഇലക്‌ട്രിസിറ്റി ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് കമ്ബനി അറിയിച്ചു. തുരങ്കത്തിന്റെ ഒരു ഭാഗത്തേക്കാണ് മണ്ണ് വീണത് എന്നതിനാല്‍ കുടുങ്ങി കിടക്കുന്നവര്‍ സുരക്ഷിതരാണെന്നാണ് നിഗമനമെന്നും അധികൃതര്‍ പറയുന്നു.

തുരങ്കത്തിനുള്ളില്‍ കുടുങ്ങിയവരെ രക്ഷപെടുത്താനുള്ള എല്ലാ ശ്രമങ്ങളും തുടരുകയാണെന്നും, സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു. തുരങ്കത്തിനുള്ളില്‍ കുടുങ്ങിയവര്‍ക്കായി ഓക്‌സിജൻ സിലിണ്ടറുകളുടെ സഹായത്തോടെ ഓക്‌സിജനും നല്‍കുന്നുണ്ട്. നിലവില്‍ എല്ലാവരും സുരക്ഷിതരാണെന്നാണ് വിവരം. തുരങ്കത്തിന് മുന്നില്‍ വീണ് കിടക്കുന്ന മണ്ണ് നീക്കം ചെയ്യുന്നതോടെ ഇവരെ പുറത്തെത്തിക്കാനാകുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു

Related Articles

Back to top button