KeralaKottayamLatest

വലയിലാക്കിയത് 25 ഓളം യുവതികളെ:റെയിൽവേ ടിക്കറ്റ് ക്ലാർക്ക് അറസ്റ്റിൽ

“Manju”

കോട്ടയം • സ്ത്രീകളെ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടു വിവാഹ വാഗ്ദാനം നൽകി പണവും സ്വർണവും തട്ടുന്ന റെയിൽവേ ടിക്കറ്റ് ക്ലാർക്ക് അറസ്റ്റിൽ. കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിലെ സീനിയർ ടിക്കറ്റ് ക്ലാർക്ക് തിരുവനന്തപുരം ആനാട് ചന്ദ്രമംഗലം പി.എസ്.അരുണിനെയാണ് (അരുൺ സാകേതം–33) ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഗാന്ധിനഗർ സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്. ഭർത്താവിന്റെ ശ്രദ്ധ ലഭിക്കുന്നില്ലെന്നു തോന്നലിൽ കഴിഞ്ഞ വീട്ടമ്മയെ ഫെയ്സ്ബുക് ചാറ്റ് വഴി പരിചയപ്പെട്ട അരുൺ പുതിയ ജീവിതം നൽകാമെന്നു വാഗ്ദാനം ചെയ്തു ചിത്രങ്ങൾ കൈക്കലാക്കുകയായിരുന്നു.

തുടർന്ന് ചൂഷണത്തിലേക്കു കടന്ന അരുൺ പണവും സ്വർണവും സ്ഥിരമായി ആവശ്യപ്പെട്ടു തുടങ്ങി. ഭീഷണിയിൽ പേടിച്ച വീട്ടമ്മ ലക്ഷക്കണക്കിനു രൂപ നൽകിയതായി പൊലീസ് പറഞ്ഞു. ഭീഷണിയെത്തുടർന്നു വീട്ടമ്മ മൂന്നു തവണ ജീവനൊടുക്കാൻ ശ്രമിച്ചതായും പൊലീസിനു മൊഴി നൽകി. തുടർന്ന് വീട്ടമ്മ ഡിവൈഎസ്പിക്കു നൽകിയ പരാതിയെ തുടർന്നാണ്‌ അറസ്റ്റ്.

ഡിവൈഎസ്പി ആർ ശ്രീകുമാറിന്റെ മേൽനോട്ടത്തിൽ, ഡിവൈഎസ്പി ഓഫിസിലെ എഎസ്ഐ കെ.ആർ.അരുൺ കുമാർ, പ്രബേഷനറി എസ്ഐ പ്രദീപ്‌, എസ്ഐമാരായ കെ.ആർ.പ്രസാദ്, ഷിബുക്കുട്ടൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ടിക്കറ്റ് റിസർവേഷൻ കൗണ്ടറിൽ എത്തുന്ന പെൺകുട്ടികളുടെ നമ്പർ റിസർവേഷൻ ആപ്ലിക്കേഷൻ ഫോമിൽ നിന്നു മനസ്സിലാക്കിയും അരുൺ തട്ടിപ്പിനു കളമൊരുക്കിയെന്നു പൊലീസ്.
നമ്പർ കൈവശപ്പെടുത്തി റിസർവേഷൻ സംബന്ധിച്ച് കാര്യങ്ങൾ സംസാരിക്കാനെന്ന വ്യാജേന അവരെ ബന്ധപ്പെടുകയും തുടർന്ന് ബന്ധം സ്ഥാപിക്കുകയും ചെയ്യാറുണ്ടെന്നു പൊലീസ് കണ്ടെത്തി. ഏകദേശം ഇരുപത്തഞ്ചോളം യുവതികളെ അരുൺ വലയിൽ വീഴ്ത്തിയിട്ടുണ്ടെന്നു ഫോണും ഫെയ്സ്ബുക് അക്കൗണ്ടും പരിശോധിച്ചപ്പോൾ മനസ്സിലായതായും പൊലീസ് പറയുന്നു. മിക്കവരും നാണക്കേടോർത്ത് പരാതിപ്പെട്ടിട്ടില്ല.

Related Articles

Back to top button