Thiruvananthapuram

ജന്മനാട്ടിൽ ആവേശം തീർത്ത് കടകംപള്ളി സുരേന്ദ്രന്റെ സ്ഥാനാർത്ഥിപര്യടനത്തിന് തുടക്കം.

“Manju”

ജ്യോതിനാഥ് കെ പി

കഴക്കൂട്ടം മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രന്റെ സ്ഥാനാർത്ഥിപര്യടനത്തിന് കടകംപള്ളി വാർഡിൽ തുടക്കമായി. വൈകിട്ട് 4 ന് ഭഗത് സിംഗ് റോഡിൽ നടന്ന സ്ഥാനാർത്ഥിപര്യടനത്തിന്റെ ഉദ്ഘാടനം സി പി ഐ (എം) സംസ്ഥാനകമ്മിറ്റിയംഗം എം വിജയകുമാർ ഉദ്ഘാടനം ചെയ്തു. കേരളത്തെ രാഷ്ട്രീയജീർണതയിലേക്കെത്തിച്ച കൊണ്ഗ്രസിനെയും വെറുപ്പിന്റെ രാഷ്ട്രീയം പറയുന്ന ബി ജെ പി യെയും ജനങ്ങൾ തള്ളിക്കളയുമെന്ന് അദ്ദേഹം പറഞ്ഞു. എൽ ഡി എഫിന്റെ ഭരണത്തുടർച്ചയാണ്‌ അന്ധമായ രാഷ്ട്രീയവിരോധം പുലർത്താത്ത എല്ലാവരും ആഗ്രഹിക്കുന്നത്. കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന്റെ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 5 വർഷം മുമ്പ് നൽകിയ വാഗ്‌ദാനങ്ങൾ പൂർത്തീകരിക്കാൻ കഴിഞ്ഞ ആത്മവിശ്വാസവുമായാണ് താൻ വോട്ട് ചോദിക്കുന്നതെന്ന് തുടർന്ന് സംസാരിച്ച കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വികസനപ്രവർത്തനങ്ങളുടെ തുടർച്ചയ്ക്ക് ഇടതുപക്ഷം അധികാരത്തിൽ വരേണ്ടുന്നത് അനിവാര്യമാണ്. ഇതിനായി കഴക്കൂട്ടം ജനതയുടെ പിന്തുണയുണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഭഗത്സിംഗ് റോഡ് ജംങ്ഷനിൽ നിന്ന് ആരംഭിച്ച പര്യടനം മധുമുക്ക്, കിളിക്കുന്നം, അരശുംമൂട്, അമ്പാടിമുക്ക് വഴി 7 മണിക്ക് കിഴക്കതിൽ സമാപിച്ചു.

വേളി കടപ്പുറത്തെത്തി വോട്ടർമാരെ കണ്ടാണ് കടകംപള്ളി സുരേന്ദ്രന്റെ ഇന്നത്തെ പ്രചാരണ പരിപാടികൾ ആരംഭിച്ചത്. രാവിലെ 6 ന് തന്നെ തീരത്തെത്തിയ അദ്ദേഹം മത്സ്യത്തൊഴിലാളികളെ കണ്ട് വോട്ടഭ്യർത്ഥിച്ചു. പ്രതിസന്ധികളിൽ കൂടെ നിന്ന നാട്ടുകാരനൊപ്പം തങ്ങളും കാണുമെന്ന് കടലിന്റെ മക്കളുടെ ഉറപ്പ്. വന്നവർ വന്നപോലെ പോകട്ടെ, ഞങ്ങൾക്ക് സഖാവ് മതിയെന്ന് കൂട്ടത്തിലൊരാളുടെ കമന്റ്. വേളിയിൽ നിന്ന് തുമ്പയിലെത്തിയ സ്ഥാനാർത്ഥി തുമ്പ ജങ്ഷനിലെ ഓട്ടോതൊഴിലാളികളോടും മറ്റുള്ളവരോടും വോട്ടഭ്യർത്ഥന നടത്തി. വികസനപ്രവർത്തനങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞ സ്ഥാനാർത്ഥിയോട് ഒക്കെ ഞങ്ങൾക്ക് നേരിട്ടറിയാം സഖാവേ എന്ന് വോട്ടർമാരുടെ പിന്തുണ.

ഉച്ചയോടെ മെഡിക്കൽ കോളേജ് ക്യാമ്പസിൽ എത്തിയ അദ്ദേഹം വിദ്യാർത്ഥികളെ അഭിസംബോധന ചെയ്‌തു സംസാരിച്ചു. മെഡിക്കൽ കോളേജിലെ മെഡിസിൻ, ദന്തൽ, നഴ്സിങ് വിദ്യാർഥികളെയും എസ് എ ടി ആശുപത്രിയിലെ ജീവനക്കാരെയുമാണ് അദ്ദേഹം നേരിൽ കണ്ടു വോട്ടഭ്യർത്ഥന നടത്തിയത്. ഉജ്ജ്വലമായ വരവേൽപ്പാണ് വിദ്യാർത്ഥികൾ പ്രിയനേതാവിന് നൽകിയത്. ഇടതുപക്ഷ സർക്കാരിന്റെ വികസനനേട്ടങ്ങൾ വിദ്യാർത്ഥികളോട് പറഞ്ഞ സ്ഥാനാർത്ഥി കേരളത്തിൽ ഭരണത്തുടർച്ച ഉറപ്പുവരുത്താൻ എല്ലാവിധത്തിലുള്ള പിന്തുണയും ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ചു.

Related Articles

Back to top button