LatestThiruvananthapuram

ചാക്ക ഫ്ലൈഓവര്‍ മുതല്‍ മുട്ടത്തറ അണ്ടര്‍പാസ് വരെ മേല്‍പ്പാലം

“Manju”

തിരുവനന്തപുരം: ഈഞ്ചക്കലിലെ ഗതാഗതക്കുരുക്കിന് ഒന്നരവർഷത്തിനുള്ളില്‍ പരിഹാരമാകും. മേല്‍പ്പാലത്തിന് കരാറെടുത്ത സ്വകാര്യ കമ്പനി പ്രാഥമിക നടപടികള്‍ തുടങ്ങി. വൈകാതെ നിർമ്മാണം ആരംഭിക്കും. ദേശീയപാത 66-ല്‍ കഴക്കൂട്ടം-മുക്കോല റീച്ചിലെ ബ്ലാക്ക് സ്‌പോട്ടുകള്‍ കണ്ടെത്തിയ നാലിടത്ത് പാലങ്ങളും അടിപ്പാതകളും നിർമ്മിക്കാനുള്ള കരാർ 95 കോടി രൂപയ്‌ക്കാണ് ഉറപ്പിച്ചത്. ഈഞ്ചയ്‌ക്കല്‍ മേല്‍പ്പാലത്തിന് 47 കോടി, ആനയറ അടിപ്പാത, പഴയകട മണ്ണയ്‌ക്കല്‍ മേല്‍പ്പാലം എന്നിവയ്‌ക്ക് 38 കോടി, തിരുവല്ലം പാലത്തിന് 10 കോടി എന്നിങ്ങനെയാണ് ടെൻഡർ ഉറപ്പിച്ചത്. ചെറിയാൻ വർക്കി കണ്‍സ്ട്രക്ഷനാണ് ടെൻഡറെടുത്തത്. മാർച്ച്‌ പകുതിയോടെ നിർമാണം തുടങ്ങുമെന്നും കൃത്യസമയത്ത് പൂർത്തിയാക്കി മേല്‍പ്പാലം ജനങ്ങള്‍ക്ക് തുറന്നുകൊടുക്കുമെന്നും ദേശീയപാത അധികൃതർ പറഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങള്‍ നടക്കുന്ന സമയത്ത് ഈഞ്ചയ്‌ക്കലില്‍ ഗതാഗത നിയന്ത്രണമുണ്ടാകും.

കരാർ കമ്പനിക്ക് അഞ്ചു വർഷമാണ് പരിപാലനച്ചുമതല. അടിപ്പാതകള്‍ക്കും മേല്‍പ്പാലങ്ങള്‍ക്കും സ്ഥലമേറ്റെടുക്കേണ്ട ആവശ്യമില്ല. പണം പൂർണ്ണമായും നിർമാണത്തിനാണ് വകയിരുത്തുക. ഫാക്ടറിയില്‍ നിർമ്മിക്കുന്ന റെഡിമെയ്ഡ് കോണ്‍ക്രീറ്റ് മാതൃകകളായ പ്രീ-കാസ്റ്റ് അടിപ്പാത നിർമ്മാണത്തിന് ഉപയോഗിക്കും. ഈഞ്ചയ്‌ക്കലില്‍ നിർമ്മിക്കുന്ന മേല്‍പ്പാലം നാലുവരിയിലാണ് നിർമ്മിക്കുന്നത്. ചാക്ക ഫ്‌ലൈ ഓവർ മുതല്‍ മുട്ടത്തറ അണ്ടർപാസ് വരെയായിരിക്കും മേല്‍പ്പാലത്തിന്റെ നിർമ്മാണം. ഒന്‍പതു സ്പാനുകള്‍ വീതമാണ് ഓരോ 25 മീറ്ററിലും ഉണ്ടാകുക. കഴിഞ്ഞ ജനുവരിയില്‍ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് നിർമ്മാണ ഉദ്ഘാടനം നിർവ്വഹിച്ചത്.

Related Articles

Back to top button