IndiaLatest

സച്ചിൻ വാസെയ്‌ക്കെതിരെ നിർണായക കണ്ടെത്തലുമായി എൻഐഎ.

“Manju”

മുംബൈ : അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയ്‌ക്കെതിരെ നിർണായക കണ്ടെത്തലുമായി എൻഐഎ. സച്ചിൻ വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് മുംബൈയിലെ ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തുവെന്ന് കണ്ടെത്തി. മൻസുക് ഹിരണിന്റെ കാർ മോഷണം പോകുന്നതിന് ഒരു ദിവസം മുൻപാണ് ഇയാൾ ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തത്. മുകേഷ് അംബാനിയുടെ വസതിയിൽ നിന്നും കുറച്ച് കിലോമീറ്ററുകൾ മാറിയുള്ള ഹോട്ടലിൽ് സച്ചിൻ അഞ്ച് ദിവസമാണ് താമസിച്ചത്.

മുംബൈയിലെ ആഡംബര ഹോട്ടലായ നരിമാൻ പോയന്റിലാണ് സച്ചിൻ വാസെ വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് താമസിച്ചത്. സുശാന്ത് സദാശിവ് കംകാർ എന്ന പേരാണ് സച്ചിൻ വാസെയുടെ വ്യാജ ആധാർ കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഡേറ്റ് ഓഫ് ബർത്തിലും വ്യത്യാസമുണ്ട്. ഫെബ്രുവരി 16 മുതൽ 20 വരെയുള്ള ദിവസങ്ങളിലാണ് ഇയാൾ ഇവിടെ താമസിച്ചതെന്ന് എൻഐഎ കണ്ടെത്തി.

സച്ചിൻ ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തതിന്റെ അടുത്ത ദിവസം മാൻസുകിന്റെ സ്‌കോർപിയോ കാർ മോഷണം പോയി. തുടർന്ന് ഫെബ്രുവരി 25 ന് കാർ മുകേഷ് അംബാനിയുടെ വീടിന് സമീപത്ത് നിന്നും കണ്ടെത്തി. ഇതോടെ മുകേഷ് അംബാനിയുടെ വീടിന് സമീപം സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ കണ്ടെത്തിയ സംഭവത്തിലും മാൻസുകിന്റെ മരണത്തിലും ഇയാൾക്ക് പങ്കുണ്ടെന്ന് സൂചന ശക്തമായിരിക്കുകയാണ്. മാൻസുകിന്റെ കാർ സച്ചിൻ വാസെയാണ് അംബാനിയുടെ വീടിന് സമീപം കൊണ്ടിട്ടത് എന്നും ഉദ്യോഗസ്ഥർ സംശയിക്കുന്നു.

സംഭവത്തിൽ എൻഐഎ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. ഹോട്ടലിൽ നിന്നുമുള്ള സിസിടിവി ഫൂട്ടേജുകൾ ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്. അതേസമയം സച്ചിൻ വാസെയും സസ്‌പെൻഷനിലായ പോലീസ് ഉദ്യോഗസ്ഥൻ വിനയ് ഷിന്റെയും മാൻസുകിന്റെ കൊലപാതകത്തിനായി ഗൂഡാലോചന നടത്തിയെന്ന് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സംഘടന അറിയിച്ചു.

Related Articles

Back to top button