KeralaLatest

റോസ്ഗാര്‍ മേള; കേരളത്തില്‍ 288 പേര്‍ക്ക് നിയമനക്കത്തുകള്‍ കൈമാറി

“Manju”

തിരുവനന്തപുരം: റോസ്ഗാര്‍ മേളയുടെ ഭാഗമായി സംസ്ഥാനത്ത് തപാല്‍ വകുപ്പ് സംഘടിപ്പിച്ച പരിപാടികളില്‍ വിവിധ തസ്തികളിലേക്ക് നിയമനക്കത്തുകള്‍ വിതരണം ചെയ്തു. തിരുവനന്തപുരത്തും കൊച്ചിയിലുമായി 288 പേര്‍ക്കാണ് നിയമനക്കത്തുകള്‍ വിതരണം ചെയ്തത്. തിരുവനന്തപുരത്ത് 105 പേര്‍ക്കും, കൊച്ചിയില്‍ 183 പേര്‍ക്കുമാണ് നിയമന ഉത്തരവ് നല്‍കിയത്.

തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ കല്യാണമണ്ഡപത്തില്‍ കഴിഞ്ഞദിവസം രാവിലെ നടന്ന ചടങ്ങില്‍ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍, കേരള സര്‍ക്കിള്‍ മഞ്ജു പി പിള്ള , റെയില്‍വെ തിരുവനന്തപുരം ഡിവിഷണല്‍ മാനേജര്‍ എസ്.എം ശര്‍മ്മ എന്നിവര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന കത്ത് കൈമാറി. പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വെച്ച റോസ്ഗാര്‍ മേള എന്ന ആശയത്തിന് ദൂരവ്യാപക സ്വാധീനമാണുള്ളതെന്നും തൊഴില്‍ മേളയിലൂടെ നിയമനം ലഭിക്കുന്ന യുവതലമുറയാണ് ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതെന്നും മഞ്ജു.പി.പിള്ള പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ റോസ്ഗര്‍ മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച്‌ ഉദ്യോഗാര്‍ത്ഥികളെ അഭിസംബോധന ചെയ്തത് വേദിയില്‍ പ്രദര്‍ശിപ്പിച്ചു. ഇഎസ്‌ഐസി, വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം/ഐഎസ്‌ആര്‍ഒ, റെയില്‍വേ, തപാല്‍ വകുപ്പ് എന്നിവിടങ്ങളില്‍ 105 പേര്‍ക്കാണ് നിയമനം നല്‍കിയത്. യുഡിസി, സയിന്റിഫിക് അസിസ്റ്റന്റ്, ജൂനിയര്‍ ക്ലര്‍ക് കം ടൈപ്പിസ്റ്റ്, ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍, ഡാക് സേവക് തുടങ്ങിയ തസ്തികകളിലാണ് നിയമനം.

ഒരു വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ട് കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് റോസ്ഗാര്‍ മേള. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ചുവടുവെയ്പ്പാണ് റോസ്ഗാര്‍ മേള. രാജ്യത്തെ യുവാക്കളുടെ ശാക്തീകരണവും ദേശീയ വികസനവുമാണ് പദ്ധതി ലക്ഷ്യം വെയ്‌ക്കുന്നത്. രാജ്യമെമ്പാടുമായി ഇന്നലെ നടന്ന റോസ്ഗാര്‍ മേളയുടെ അഞ്ചാം ഘട്ടത്തില്‍ 45 കേന്ദ്രങ്ങളിലായി 71,000 പേര്‍ക്കാണ് കേന്ദ്ര സര്‍വ്വീസില്‍ നിയമനം ലഭിച്ചത്.

പദ്ധതിയുടെ ആദ്യ ഘട്ടം ഒക്ടോബര്‍ 22-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നത്. ഗ്രാമിന്‍ ഡാക് സേവക്സ്, ഇന്‍സ്പെക്ടര്‍ പോസ്റ്റ്സ്, കോമേഴ്സ്സ്യല്‍കംടിക്കറ്റ് ക്ലാര്‍ക്ക്, ജൂനിയര്‍ ക്ലാര്‍ക്ക്കംടൈപ്പിസ്റ്റ്, ജൂനിയര്‍ അക്കൗണ്ട്‌സ്, ട്രാക്ക് മെയിന്റര്‍, അസിസ്റ്റന്റ് സെക്ഷന്‍ തുടങ്ങിയ വിവിധ തസ്തികകളിലാണ് നിലവില്‍ നിയമനങ്ങള്‍ നടക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലും സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലും നിയമനങ്ങള്‍ നടക്കുന്നുണ്ട്.

നിയമിതരാവുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളിലെ നിയമനങ്ങള്‍ക്ക് വേണ്ടിയുള്ള ഓണ്‍ലൈന്‍ ഓറിയന്റേഷന്‍ കോഴ്‌സുകള്‍ നല്‍കും. കര്‍മ്മയോഗി എന്ന ഓണ്‍ലൈന്‍ കോഴ്‌സിലൂടെ സ്വയം പരിശീലിക്കുന്നതിനുള്ള അവസരവും ലഭ്യമാകും. കഴിഞ്ഞ ജനുവരിയിലും പ്രധാനമന്ത്രി നിയമന കത്തുകള്‍ കൈമാറിയിരുന്നു. ജൂനിയര്‍ എഞ്ചിനിയര്‍മാര്‍, ലോക്കോ പൈലറ്റുമര്‍, ടെക്‌നീഷ്യന്മാര്‍, ഇന്‍സ്‌പെക്ടര്‍മാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാര്‍, കോണ്‍സ്റ്റബിള്‍മാര്‍ എന്നീ സര്‍ക്കാര്‍ തസ്തികകളിലേയ്‌ക്കുള്ള നിയമന കത്തുകളാണ് മുന്‍പ് വിതരണം ചെയ്തത്. 2022 നവംബര്‍ 22-ന് 71,000 നിയമന കത്തുകളും ഒക്ടോബറില്‍ 75,000 നിയമന കത്തുകളും പ്രധാനമന്ത്രി വിതരണം ചെയ്തിരുന്നു.

Related Articles

Back to top button