IndiaLatest

ആണവ അന്തർവാഹിനികൾ നിർമ്മിക്കാൻ നാവികസേന

“Manju”

ന്യൂഡൽഹി: ചൈനീസ് വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ കരുത്ത് വർധിപ്പിക്കാനൊരുങ്ങി ഇന്ത്യൻ നാവിക സേന. ഇതിന്റെ ഭാഗമായി ആണവ കരുത്തുള്ള ആറ് അന്തർ വാഹിനികൾ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി നാവിക സേന കേന്ദ്രസർക്കാരിന്റെ അനുമതി തേടി. മൂന്നാം വിമാനവാഹിനിയേക്കാൾ പ്രധാനം ആണവ ശക്തിയുള്ള അന്തർവാഹിനികളാണെന്നാണ് നാവിക സേനയുടെ വിലയിരുത്തൽ.

ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യം ഉറപ്പിക്കുകയാണ് സേനയുടെ പ്രഥമ പരിഗണന. ഇതിനായി ആണവ ശക്തിയോട് കൂടിയ അന്തർവാഹിനി കപ്പലുകൾ ആവശ്യമാണെന്ന് കമാൻഡർമാരുടെ സംയുക്ത സമ്മേളനത്തിൽ നാവിക സേന ഉദ്യോഗസ്ഥർ അറിയിച്ചു. ഇവയെല്ലാം തന്നെ തദ്ദേശീയമായി നിർമ്മിക്കാവുന്നതാണ്. ചൈന കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 12,000 ടൺ റെൻഹായ് ക്ലാസ് ഡിസ്‌ട്രോയേഴ്‌സിനെ നിർമ്മിക്കാൻ ആവശ്യമായ സാങ്കേതിക വിദ്യ വികസിപ്പിച്ച സാഹചര്യത്തിലാണ് നാവിക സേനയുടെ തീരുമാനം.

ഇന്തോ പസഫിക് മേഖലയിൽ ഒരു തവണ പോലും പ്രതലത്തിലേയ്ക്ക് ഉയരാതെ നിരീക്ഷണം നടത്താൻ ഈ അന്തർവാഹിനികൾക്ക് സാധിക്കും. ഇത്തരത്തിലുള്ള ഒരു ഡസനോളം അന്തർവാഹിനികൾ ചൈന നിലവിൽ ഉപയോഗിക്കുന്നുണ്ട്. ടൈപ്പ് 095 ആണ് ചൈനയുടെ പക്കലുള്ള അത്യാധുനിക ആണവ അന്തർവാഹിനിയെന്നും നാവിക സേന ചൂണ്ടിക്കാട്ടി.

ആത്മനിർഭർ ഭാരതിന് കീഴിൽ റഷ്യ, അമേരിക്ക, ഫ്രാൻസ് എന്നീ രാജ്യങ്ങളുമായി ചേർന്ന് അന്തർവാഹിനികൾ വികസിപ്പിക്കാൻ ഇന്ത്യയ്ക്ക് സാധിക്കും. നിലവിൽ ഫ്രാൻസാണ് ഇന്ത്യയുടെ ഡീസൽ അറ്റാക്ക് അന്തർവാഹിനിയായ കാൽവരി ക്ലാസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിന് പുറമെ, അകുല ക്ലാസ് അന്തർവാഹിനി ഇന്ത്യ റഷ്യയിൽ നിന്നും കരാറിന് എടുത്തിട്ടുണ്ട്. ഇതിന്റെ കാലാവധി അവസാനിച്ചാൽ മറ്റൊരു അകുല ക്ലാസ് അന്തർവാഹിനിയ്ക്ക് ഇന്ത്യ ഓർഡർ നൽകുകയും ചെയ്തിരുന്നു.

Related Articles

Back to top button