KeralaLatest

കോവിഡ് രണ്ടാം തരംഗം: പ്രദേശിക തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

“Manju”

തിരുവനന്തപുരം; കോവിഡ് വൈറസിന്റെ രണ്ടാം തരംഗം സംസ്ഥാനത്ത് രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രാദേശിക തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുന്നു. കണ്ടെയ്ന്മെന്റ് സോണുകളിലെ നിയന്ത്രണം ഏപ്രില്‍ 30 വരെ നീട്ടും. അതത് ജില്ലകളിലെ സാഹചര്യം കണക്കിലെടുത്ത് ജില്ലാ കളക്ടര്‍മാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ലോക്ഡൗണ്‍ പോലെയുള്ള കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകില്ലെന്നാണ് സൂചന.
പൊതുസ്ഥലങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റും സന്ദര്‍ശകര്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്നതടക്കമുള്ള കാര്യങ്ങളാണു പരിഗണിക്കുന്നത്. അനാവശ്യ യാത്രകള്‍ ഒഴിവാക്കി ജനം സ്വയംനിയന്ത്രണം പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു. നിയന്ത്രണങ്ങളുടെ ലംഘനം, മാസ്‌ക് ഉപയോഗിക്കാതിരിക്കല്‍ തുടങ്ങിയവ കണ്ടെത്താന്‍ പൊലീസ് പരിശോധന കര്‍ശനമാക്കും.
അഞ്ചാംഘട്ട ലോക്ഡൗണ്‍ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച കേന്ദ്ര മാര്‍ഗനിര്‍ദ്ദേശം ഏപ്രില്‍ 30 വരെ തുടരും. ഇതുസംബന്ധിച്ച്‌ ചീഫ് സെക്രട്ടറി വി.പി. ജോയ് കഴിഞ്ഞദിവസം ഉത്തരവിറക്കി. കണ്ടയിന്‍മെന്റ് സോണുകളില്‍ അവശ്യസേവനങ്ങള്‍ മാത്രമേ അനുവദിക്കൂ. 65 വയസ്സ് കഴിഞ്ഞവര്‍ക്കും ഗുരുതര രോഗങ്ങളുള്ളവര്‍ക്കും പ്രത്യേക സംരക്ഷണമൊരുക്കും. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളില്‍ പ്രതിദിന രോഗികളുടെ എണ്ണം കൂടിവരുന്നത് ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.

Related Articles

Back to top button