IndiaLatest

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ

“Manju”

വോട്ട് ചെയ്യാന്‍ ഫേഷ്യല്‍ റെക്കഗ്നീഷന്‍ സാങ്കേതികവിദ്യ

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ അവതരിപ്പിക്കാനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതാദ്യമായിട്ടാകും ഒരു നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ സംവിധാനം ഉപയോഗിക്കുന്നത്. ബെംഗളൂരുവിലെ ഒരു പോളിംഗ് ബൂത്തിലായിരിക്കും ഇത് നടപ്പിലാക്കുക. ബംഗളൂരുവിലെ പാലസ് റോഡിലുള്ള രാംനാരായണ ചെല്ലാരം കോളേജിലെ റൂം നമ്പര്‍ രണ്ടില്‍ ആയിരിക്കും വോട്ടര്‍മാര്‍ക്കായി ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുക. കര്‍ണാടക ചീഫ് ഇലക്ടറല്‍ ഓഫീസറുടെ ഓഫീസിന് സമീപമാണ് ഈ പോളിങ്ങ് ബൂത്ത്. മെയ് പത്തിനാണ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ്.

എങ്ങനെയാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്?
ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിനായി ഈ പോളിംഗ് സ്റ്റേഷനിലെ വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പു കമ്മീഷന്റെ ചുനവന (Chunavana) മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം. അതില്‍ വോട്ടേഴ്സ് കാര്‍, നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവയെല്ലാം നല്‍കണം. അതിനു ശേഷം ആ ആപ്പില്‍ ഒരു സെല്‍ഫിയും അപ്‌ലോഡ് ചെയ്യണം. പോളിംഗ് ബൂത്തില്‍ എത്തിക്കഴിഞ്ഞാല്‍, വെരിഫിക്കേഷനായി ഫേഷ്യല്‍ റെക്കഗ്നിഷന്‍ സ്കാനിംഗ് ഉണ്ടാകും.

തിരഞ്ഞെടുപ്പു കമ്മീഷന്റെ ഡാറ്റാബേസുമായി ആ സ്കാനിങ്ങിലെ രൂപം പൊരുത്തപ്പെടുന്നുണ്ടെങ്കില്‍, വോട്ടര്‍ മറ്റ് രേഖകളൊന്നും നല്‍കേണ്ടതില്ല. അവര്‍ക്ക് വോട്ട് രേഖപ്പെടുത്താനുള്ള അനുമതിയും ലഭിക്കും. ഈ സംവിധാനം നീണ്ട ക്യൂകള്‍ കുറയ്ക്കുമെന്നും കാത്തിരുപ്പു സമയം ലഘൂകരിക്കുമെന്നും കള്ളവോട്ട്, തിരഞ്ഞെടുപ്പിലെ ക്രമക്കേടുകള്‍ എന്നിവ തടയുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. ഡിജി യാത്ര ആപ്പിനു സമാനമായാണ് തിരഞ്ഞെടുപ്പു കമ്മീഷന്റെ ഈ ആപ്പും പ്രവര്‍ത്തിക്കുന്നത്.
വിമാനത്താവളങ്ങളിലെത്തുന്ന യാത്രക്കാരുടെ ക്യൂ കുറയ്ക്കാന്‍ വേണ്ടിയുള്ള ഒരു ബയോമെട്രിക് ബോര്‍ഡിംഗ് സംവിധാനമാണിത്. ”പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്ന ബൂത്തില്‍ മുന്നൂറോളം വോട്ടര്‍മാര്‍ മാത്രമാണുള്ളത്. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബിഎല്‍ഒ) ഈ ബൂത്തിലെ വോട്ടര്‍മാരുടെ എല്ലാ വീടുകളും സന്ദര്‍ശിച്ച്‌ പുതിയ സാങ്കേതികവിദ്യയെക്കുറിച്ച്‌ ബോധവത്കരണം നടത്തുന്നുണ്ട്. എന്നാല്‍ ഈ രീതി തന്നെ വോട്ടിങ്ങിനായി സ്വീകരിക്കണമെന്ന് നിര്‍ബന്ധമില്ല. ഈ സൗകര്യം തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കാത്തവര്‍ക്ക് പഴയ രീതി പിന്തുടരാവുന്നതാണ്. ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ വോട്ടര്‍മാര്‍ക്കായി പ്രത്യേക ക്യൂ ഉണ്ടായിരിക്കും”, കര്‍ണാടക സ്‌പെഷ്യല്‍ ഓഫീസര്‍ (ഇലക്ഷന്‍) എവി സൂര്യ സെന്‍ മണികണ്‍ട്രോളിനോട് പറഞ്ഞു.

ഈ സംവിധാനത്തിന് നിരവധി നല്ല വശങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “ഇത് വോട്ടര്‍മാരുടെ നീണ്ട ക്യൂവും കാത്തിരിപ്പു സമയവും കുറയ്ക്കും എന്നതാണ് ഒരു ഗുണം. രണ്ടാമതായി, ഇവിടെ സാധാരണയേക്കാള്‍ കുറവ് ഉദ്യോഗസ്ഥര്‍ മതി. ഉദാഹരണത്തിന്, ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതികവിദ്യയുള്ള ഒരു ബൂത്തില്‍ നാല് പോളിംഗ് ഓഫീസര്‍മാര്‍ക്ക് പകരം മൂന്ന് പേരെ മാത്രം വിന്യസിച്ചാല്‍ മതി. കാരണം ബൂത്തില്‍ സാധാരണയായി നടക്കുന്ന അത്രയും പരിശോധനകള്‍ ഇവിടെ ആവശ്യമില്ല”, സൂര്യ സെന്‍ പറഞ്ഞു. ഒരു ഓഫ്‍ലൈന്‍ ഹാക്കത്തോണില്‍, ചെന്നൈയിലെ എസ്‍ആര്‍എം യൂണിവേഴ്സിറ്റിയിലെ കമ്ബ്യൂട്ടിംഗ് ടെക്നോളജി വിദ്യാര്‍ത്ഥികളാണ് ഈ ആശയം മുന്നോട്ടു വെച്ചത്. ‘ഇലക്ഷന്‍ 2023’ എന്ന പേരിലായിരുന്നു ഹാക്കത്തോണ്‍ നടത്തിയത്.

Related Articles

Back to top button