IdukkiKeralaLatest

മകളുടെ ജീവനെടുത്ത പാമ്പ് വീണ്ടും വീടിനു സമീപത്തെ കരിങ്കൽ ഭിത്തിയുടെ പോടിൽ നിന്നു തല നീട്ടുന്നതു ഭീതിയോടെ ആ അമ്മ കണ്ടു

“Manju”

 

രാജകുമാരി • മകളുടെ ജീവനെടുത്ത പാമ്പ് വീടിനു സമീപത്തെ കരിങ്കൽ ഭിത്തിയുടെ പോടിൽ നിന്നു തല നീട്ടുന്നതു കണ്ട് ഏകമകനെ നെഞ്ചോടു ചേർക്കുന്ന അമ്മ നൊമ്പരക്കാഴ്ചയാകുന്നു. കഴിഞ്ഞ 7 നു വീടിനു സമീപം കാടു പറിക്കുന്നതിനിടെ മൂർഖൻ പാമ്പിന്റെ കടിയേറ്റ് മരിച്ച പരപ്പനങ്ങാടി പാറത്താനത്ത് അനുവിന്റെ(25) അമ്മ മിനിയാണ് ദുഃഖത്തിലും ഭീതിയിലും നെഞ്ചുനീറി കഴിയുന്നത്.
മകളുടെ ജീവൻ എടുത്ത മൂർഖൻ കുഞ്ഞുങ്ങളുമായി ഇവരുടെ വീടിനു സമീപത്തെ കരിങ്കൽ സംരക്ഷണ ഭിത്തിയുടെ പോടുകളിൽ കഴിയുന്നുണ്ടെന്നാണ് ഇവർ പറയുന്നത്. മിനിയും 11 വയസ്സ് ഉള്ള മകൻ അതുലുമാണ് ഇവിടെ കഴിയുന്നത്. പകൽ സമയത്തു പോലും മകനെ വീടിനു പുറത്ത് വിടാൻ ഭയമാണ് എന്ന് ഇൗ അമ്മ പറയുന്നു.മകൾ മരിച്ച അന്നു രാത്രിയും നാട്ടുകാരിൽ ചിലർ ഇവിടെ പാമ്പിനെ കണ്ടിരുന്നു.
മിനിയുടെ വീടിനു സമീപത്തെ വഴിയുടെ ഒരു വശത്താണ് 100 മീറ്ററിൽ അധികം നീളമുള്ള കരിങ്കൽ സംരക്ഷണ ഭിത്തിയുള്ളത്. ദിവസങ്ങൾക്ക് മുൻപ് സമീപവാസി ഇൗ റോഡിൽ ഒരു മൂർഖനെയും 5 കുഞ്ഞുങ്ങളെയും കണ്ടിരുന്നു. മനുഷ്യരെ കണ്ടാൽ ഇഴഞ്ഞു നീങ്ങി കരിങ്കൽ ഭിത്തിയുടെ പോടുകളിൽ ഒളിക്കുന്ന പാമ്പുകൾ ഇൗ പ്രദേശത്ത് ഭീതി സൃഷ്ടിക്കുന്നു.
ഒട്ടേറെ വീടുകളാണ് ഇവിടെയുള്ളത്. കൂലിപ്പണിക്കാരായ മാതാപിതാക്കൾക്ക് മക്കളെ തനിച്ചാക്കി ജോലിക്കു പോകാൻ പോലും കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ 7 ന് വൈകിട്ട് 3 മണിക്കാണ് അനുവിനു പാമ്പ് കടിയേൽക്കുന്നത്. ഉടൻ രാജകുമാരിയിലെ സ്വകാര്യ ചികിത്സാ കേന്ദ്രത്തിലും അടിമാലി താലൂക്ക് ആശുപത്രിയിലും എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Back to top button