IndiaLatest

പത്താംക്ലാസ്, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെച്ചു

“Manju”

മുംബൈ: മഹരാഷ്ട്രയില്‍ ഏപ്രിലില്‍ നടത്താനിരുന്ന പത്താംക്ലാസ്, പ്ലസ്ടു പരീക്ഷകള്‍ മറ്റിവെച്ചതായി വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗ്വെയ്ക്‌വാദ് അറിയിച്ചു. മാറ്റിവെച്ച പത്താംക്ലാസ് പരീക്ഷ ജൂണിലും പ്ലസ്ടു പരീക്ഷ മെയ് മാസത്തിലും നടത്തും. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍, പാര്‍ട്ടികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍, അക്കാഡമിഷ്യന്‍സ് എന്നിവരുമായി കൂടിയാലോചിച്ച ശേഷമാണ് തീരുമാനം എടുത്തതെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. രാജ്യത്തും സംസ്ഥാനത്തും കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ബോര്‍ഡ് പരീക്ഷ മാറ്റിവയ്ക്കമമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. നേരത്തെ പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകള്‍ യഥാക്രമം ഏപ്രില്‍ 23 ഏപ്രില്‍ 29 തീയതികളില്‍ ആരംഭിക്കാനായിരുന്നു തീരുമാനിച്ചത്. കോവിഡ് ബാധിച്ച വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക പരീക്ഷകള്‍ ജൂണില്‍ നടത്തുമെന്ന് ബോര്‍ഡ് അറിയിച്ചിരുന്നു. ‘സംസ്ഥാനത്തെ കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് പത്താംക്ലാസ്, പ്ലസ്ടു ക്ലാസുകള്‍ക്കുള്ള സംസ്ഥാന ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവെച്ചു. നിലവിലെ സാഹചര്യത്തില്‍ ബോര്‍ഡ് പരീക്ഷകള്‍ നടത്താന്‍ അനുയോജ്യമല്ല. നിങ്ങളുടെ ആരോഗ്യമാണ് ഞങ്ങളുടെ മുന്‍ഗണന’വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.’ഞങ്ങള്‍ക്ക് വിദ്യാര്‍ത്ഥികളുടെ ആരോഗ്യം, ക്ഷേമം, ഭാവി എന്നിവയാണ് പ്രധാനം. അതിനാല്‍ പരീക്ഷകള്‍ മാറ്റിവയ്ക്കുന്നതാണ് പ്രായോഗിക പരിഹാരമെന്ന് വിലയിരുത്തി. പരീക്ഷ തീയതികള്‍ പുനഃപരിശോധിക്കണമെന്ന് അഭ്യര്‍ത്ഥിച്ച്‌ ഞങ്ങള്‍ സിബിഎസ്‌ഇ, ഐസിഎസ്‌ഇ, ഐബി, കേംബ്രിഡ്ജ് ബോര്‍ഡുകള്‍ക്ക് കത്തെഴുതും’ഗ്വെയ്ക്‌വാദ് ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ ശിവസേന നേതാവ് അരവിന്ദ് സാവന്ത് സംസ്ഥാന ബോര്‍ഡുകളിലുള്ള പത്ത്, പ്ലസ്ടു പരീക്ഷകളില്‍ ഏകീകൃത നയം ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊക്രിയാല്‍ നിഷാങ്കിന് കത്തെഴുതിയിരുന്നു. എല്ലാ വര്‍ഷവും 30 ലക്ഷത്തോളം കുട്ടികള്‍ എച്ച്‌എസ്‌സി, എസ്‌എസ്‌എല്‍സി ഉള്‍പ്പെടെ മഹാരാഷ്ട്ര ബോര്‍ഡ് പരീക്ഷ എഴുതുന്നു. കഴിഞ്ഞ വര്‍ഷം 15.75 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ എസ്‌എസ്‌എല്‍സിക്കും 14.13 ലക്ഷം വിദ്യാര്‍ത്ഥികള്‍ എച്ച്‌എസ്‌സി പരീക്ഷയ്ക്കും ഹാജരായിരുന്നു. അതേസമയം രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച്‌ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം രാജ്യത്ത് 1,68,912 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആഗോള തലത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. കോവിഡ് അതിരൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. കണക്കുകള്‍ അനുസരിച്ച്‌ ഇന്ത്യയില്‍ ഇതുവരെ ആകെ 1,35,27,71 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചരിക്കുന്നത്.

Related Articles

Back to top button