തിരുവനന്തപുരം; പത്മശ്രീ അവാര്‍ഡ് ജേതാവും, പ്രമുഖ ഛായാഗ്രാഹകനും, നിര്‍മ്മാതാവുമായ സന്തോഷ് ശിവനെ ഇന്ത്യയിലെ ഇ.ഒ.എസ് അംബാസിഡര്‍ പ്രോഗ്രാം പ്രതിനിധിയായി കാനണ്‍ ഉള്‍പ്പെടുത്തി. ഇന്ത്യന്‍ സിനിമയില്‍ 30 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നതിന്റെ അനുഭവത്തിലാണ് നിയമനം. മുപ്പത് വര്‍ഷത്തിനിടയില്‍ 14 ദേശീയ അവാര്‍ഡുകള്‍ സന്തോഷ് ശിവന് കരസ്ഥമാക്കിയിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ സിനിമകളില്‍, പ്രത്യേകിച്ച് മലയാളം സിനിമകളിലാണ് ഇദ്ദേഹം ഏറെ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുന്നത്.
ഇതിന് പുറമേ തമിഴ്, ഹിന്ദി, തെലുങ്ക് സിനിമകളിലും ശക്തമായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പ്രമുഖരെ ഉള്‍പ്പെടുത്തിയുള്ള സിനിമ ഇ.ഒ.എസ് അംബാസിഡര്‍ പരിപാടിയുടെ ഭാഗമാണ്. നിലവില്‍ അമേരിക്കന്‍ സൊസൈറ്റി ഓഫ് സിനിമോട്ടോഗ്രാഫേഴ്സിലെ ഇന്ത്യന്‍ പ്രതിനിധിയാണ്. ഇന്ത്യന്‍ സൊസൈറ്റി ഓഫ് സിനിമോട്ടോഗ്രാഫേഴ്സിന്റെ സ്ഥാപക അംഗമാണ്. ഇരുപത്തിയൊന്നോളം രാജ്യാന്തര പുരസ്ക്കാരങ്ങളും സന്തോഷ് ശിവന് നേടിയിട്ടുണ്ട്.