IndiaLatest

ഡല്‍ഹിയില്‍ ഇന്ന് രാത്രി മുതല്‍ ഒരാഴ്ച്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍

“Manju”

ഡൽഹി: കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ ഡല്‍ഹിയും. തലസ്ഥാനത്ത് ഇന്ന് രാത്രി മുതല്‍ ഒരാഴ്ച്ചത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. അവശ്യ സര്‍വീസുകള്‍, ഭക്ഷണം, ആരോഗ്യ വിഭാഗം എന്നിവയെ ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വിവാഹ ചടങ്ങുകളില്‍ അമ്പതില്‍ കൂടുതല്‍ ആളുകള്‍ക്ക് പ്രവേശനമുണ്ടായിരിക്കുകയില്ല. വിവാഹത്തിന് എത്തുന്ന ഓരോരുത്തര്‍ക്കും പ്രത്യേകം പാസുകള്‍ നല്‍കും. ഏപ്രില്‍ 26 രാവിലെ ആറ് മണി വരെയാണ് ലോക്ക്ഡൗണ്‍. താത്കാലിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ഡല്‍ഹി വിട്ടു പോകേണ്ടതിന്റെ ആവശ്യമില്ലെന്നും കെജ്രിവാള്‍ അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച്ച മാത്രം 23,000 കോവിഡ് കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഓരോ ദിവസവും പുതിയ 25,000 കേസുകളാണ് രാജ്യ തലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. ദിവസവും ഇത്രയധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ തലസ്ഥാനത്തെ ആരോഗ്യസംവിധാനം തകരുമെന്ന ആശങ്കയും കെജ്രിവാള്‍ പങ്കുവെച്ചിരുന്നു.

രാജ്യത്ത് പ്രതിദിന കോവിഡ് വര്‍ദ്ധന രണ്ടേമുക്കാല്‍ ലക്ഷം കടന്നിരിക്കുകയാണ്. മരണസംഖ്യയും കുതിച്ചുയര്‍ന്നു. 24 മണിക്കൂറിനിടെ 1619 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, ഡല്‍ഹി, കര്‍ണാക, സംസ്ഥാനങ്ങളില്‍ രോഗവ്യാപനം അതി രൂക്ഷമായി. മഹാരാഷ്ട്രയില്‍ പ്രതിദിന വര്‍ദ്ധന എഴുപതിനായിരത്തോളമായി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം 2,73,810 ആണ്. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 1.50 കോടിക്ക് മുകളിലായി. ഇന്നലെ മാത്രം 1,619 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. 1,44,178 പേര്‍ ഇന്നലെ കോവിഡ് മുക്തരായി ആശുപത്രി വിട്ടതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു.

Related Articles

Back to top button