KeralaLatestThrissur

തൃശൂർ പൂരം നാളെ: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

“Manju”

തൃശൂര്‍: തൃശൂര്‍ പൂരം നാളെ. ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നഗരം കനത്ത സുരക്ഷാവലയത്തില്‍. പൊതുജനങ്ങള്‍ക്ക് പൂരത്തിന് പ്രവേശനമില്ല. ഇന്നലെ സാമ്പിള്‍ വെടിക്കെട്ട് ചടങ്ങായി നടത്തി. ഇന്ന് രാവിലെ നെയ്തലക്കാവ് ഭഗവതി വടക്കുന്നാഥ ക്ഷേത്രത്തിലെത്തി തെക്കേഗോപുരവാതില്‍ തുറന്ന് പൂര വിളംബരം നടത്തും. ഇതോടെ പൂരത്തിന്റെ ചടങ്ങുകള്‍ക്ക് തുടക്കമാകും. മുന്‍ വര്‍ഷങ്ങളില്‍ ആഘോഷമായി നടക്കാറുണ്ടായിരുന്ന പൂര വിളംബരം ഇക്കുറി ചടങ്ങ് മാത്രമാണ്. നാളെ രാവിലെ കണിമംഗലം ശാസ്താവിന്റെ വരവോടെയാണ് പൂരം തുടങ്ങുക. തുടര്‍ന്ന് ഘടകപൂരങ്ങളൊന്നായി വടക്കുന്നാഥനെ വണങ്ങാനെത്തും.

പതിനൊന്നു മണിയോടെ തിരുവമ്പാടിയുടെ മഠത്തില്‍ നിന്നുള്ള വരവാരംഭിക്കും. വിശ്വപ്രസിദ്ധമായ പഞ്ചവാദ്യമാണ് മഠത്തില്‍ വരവിന്റേത്. പതിനഞ്ചാനപ്പുറത്താണ് തിരുവമ്പാടിയുടെ പൂരം എഴുന്നള്ളിപ്പ് നടക്കാറ്. ഇക്കുറി തിരുവമ്പാടി ഒരാനപ്പുറത്താണ് പൂരം നടത്തുന്നത്. മഠത്തില്‍ വരവ് പഞ്ചവാദ്യവും ചടങ്ങ് മാത്രമാകും. ഉച്ചക്ക് 12 മണിയോടെ പാറമേക്കാവിന്റെ പൂരം പുറപ്പെടും. പതിനഞ്ചാനപ്പുറത്താകും പൂരമെന്ന് ദേവസ്വം അറിയിച്ചു. പഞ്ചാരിമേളത്തിന്റെ അകമ്പടിയില്‍ എഴുന്നള്ളുന്ന പാറമേക്കാവ് ഭഗവതി വടക്കുന്നാഥ മതില്‍ക്കകത്ത് പ്രവേശിക്കുന്നതോടെ മേളം പാണ്ടിയുടെ രൗദ്രതക്ക് വഴിമാറും. വടക്കുന്നാഥ മതില്‍ക്കകത്ത് പടിഞ്ഞാറേ ഗോപുരത്തിന് സമീപം ഇലഞ്ഞി മരച്ചുവട്ടിലാണ് മേളം മുറുകുക. ഇതാണ് വിശ്വപ്രസിദ്ധമായ ഇലഞ്ഞിത്തറമേളം. ഇലഞ്ഞിത്തറമേളം പതിവ് പോലെ ഉണ്ടാകുമെന്നാണ് അറിയിച്ചിട്ടുള്ളത്. മേളം കലാശിക്കുന്നതോടെയാണ് കുടമാറ്റം നടക്കാറ്. ഇക്കുറി കുടമാറ്റവുമില്ല.

രാത്രി നടക്കുന്ന പൂരങ്ങളുടെ തനിയാവര്‍ത്തനവും ചടങ്ങ് മാത്രമാകും. കൊവിഡിനെത്തുടര്‍ന്ന് പൂരം നഷ്ടമാകുന്നതിന്റെ നിരാശയിലാണ് പൂരനഗരി. തൃശൂര്‍ക്കാരുടെ ഓരോ കലണ്ടര്‍ വര്‍ഷത്തിലേയും ഏറ്റവും പ്രധാന ദിനമാണ് പൂരം. കഴിഞ്ഞവര്‍ഷവും കൊവിഡിനെത്തുടര്‍ന്ന് പൂരം ഉപേക്ഷിച്ചിരുന്നു. ഒരാനയെപ്പോലും എഴുന്നള്ളിക്കാതെ പൂജകളും ചടങ്ങുകളും മാത്രം നടത്തുകയായിരുന്നു.

ഈ വര്‍ഷം പൂരം നടത്താന്‍ എല്ലാ അനുവാദവും നല്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം കണക്കിലെടുത്താണ് ദേവസ്വങ്ങള്‍ ആദ്യം മുതല്‍ ഒരുക്കങ്ങള്‍ തുടങ്ങിയത്. എന്നാല്‍ കൊവിഡ് വ്യാപനം രൂക്ഷമായതോടെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇതോടെ പൂരം ഇക്കുറിയും ചടങ്ങുകളിലൊതുങ്ങുകയാണ്. നഗരത്തില്‍ നാളെ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സ്വരാജ് റൗണ്ടില്‍ ഗതാഗതം നിരോധിച്ചു. പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. വ്യാപാരസ്ഥാപനങ്ങളും പ്രവര്‍ത്തിക്കില്ല. 24 ന് നടക്കുന്ന പകല്‍പ്പൂരവും ഉപചാരം ചൊല്ലിപ്പിരിയലും ചടങ്ങ് മാത്രമായി നടത്താനാണ് തീരുമാനം.

Related Articles

Back to top button