IndiaKeralaLatest

മെയ്‌ നാലുമുതല്‍ ഒമ്പതുവരെ ലോക്‌ഡൗണിനു സമാനമായ നിയന്ത്രണം

“Manju”

തിരുവനന്തപുരം:മെയ് നാലുമുതല്‍ ഒമ്പതുവരെ സംസ്ഥാനത്ത് ലോക്ഡൗണിനു സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വാരാന്ത്യ നിയന്ത്രണം നടപ്പാക്കുന്നപോലെയാകും ഇവയും. അത്യാവശ്യ സര്‍വീസുകള്‍മാത്രമേ അനുവദിക്കൂ. നിയന്ത്രണത്തിന്റെ കൃത്യമായ മാനദണ്ഡം ഇറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരന്ത നിവാരണ നിയമം ആവശ്യമുള്ളിടങ്ങളില്‍ ഉപയോഗിക്കും. രോഗം അതിവേഗം വ്യാപിക്കുന്നതിനാല്‍ അനാവശ്യമായി പുറത്ത് പോകില്ലെന്ന് നമ്മള്‍ തീരുമാനിച്ചേ തീരൂ. സിനിമ, ടിവി സീരിയല്‍, ഡോക്യുമെന്ററി എന്നിവയുടെ ഔട്ട് ഡോര്‍, ഇന്‍ഡോര്‍ ചിത്രീകരണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണം. പച്ചക്കറി, മീന്‍ മാര്‍ക്കറ്റുകളില്‍ കച്ചവടക്കാര്‍ രണ്ട് മീറ്റര്‍ അകലം പാലിക്കണം. കച്ചവടക്കാര്‍ രണ്ട് മാസ്ക് ധരിക്കണം. കൈയുറയും ഉപയോഗിക്കണം. സാധനങ്ങളുടെ പട്ടിക ഫോണിലോ വാട്സാപ്പിലോ നല്‍കിയാല്‍ കച്ചവടക്കാര്‍ സാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ ശ്രമിക്കണം. മാര്‍ക്കറ്റിലെ തിരക്ക് ഇങ്ങനെ കുറയ്ക്കാനാകും.
ഇതിനായി മാര്‍ക്കറ്റ് കമ്മിറ്റികളുടെ സേവനം തേടാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. സാമൂഹ്യ അകലം പാലിച്ച്‌ നടത്താന്‍ കഴിയാത്ത പ്രവര്‍ത്തനങ്ങള്‍ പരമാവധി ഒഴിവാക്കണം.
ബാങ്ക് പകല്‍ 2നുശേഷം വേണ്ട
ബാങ്കുകളുടെ പ്രവൃത്തിസമയം പകല്‍ രണ്ടുവരെയായി നിജപ്പെടുത്തി. ചില ബാങ്കുകളുടെ ശാഖകള്‍ ഈ സമയത്തിനുശേഷവും പ്രവര്‍ത്തിക്കുന്നു. രണ്ടിനുശേഷം ജീവനക്കാരെ പുറത്തേക്ക് ക്യാന്‍വാസിങ്ങിന് അയക്കുന്നുമുണ്ട്. ഇത് ശരിയല്ല. ബാങ്കുകള്‍ രണ്ടിനുതന്നെ പ്രവര്‍ത്തനം അവസാനിപ്പിക്കണം. കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വാര്‍ഡുതല സമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വ്യാപനം ഗുരുതരം; 
38,000 കവിഞ്ഞു
സംസ്ഥാനത്തെ കോവിഡ് രണ്ടാംഘട്ട വ്യാപനം ഗുരുതരം. വ്യാഴാഴ്ച 38,607 രോഗികള്‍. ഒരു ദിവസത്തെ ഉയര്‍ന്ന കണക്കാണിത്. എറണാകുളത്ത് രണ്ടാം ദിനവും രോഗികള്‍ 5000 (5369) കടന്നു.
13 ജില്ലയില്‍ രോഗികള്‍ ആയിരത്തിന് മുകളിലാണ്. കോഴിക്കോട് –- 4990, തൃശൂര്‍ –- 3954, തിരുവനന്തപുരം –- 3940, മലപ്പുറം –- 3857, കോട്ടയം –- 3616, പാലക്കാട് –- 2411, കൊല്ലം –- 2058, ആലപ്പുഴ –- 2043, കണ്ണൂര്‍ –- 1999, പത്തനംതിട്ട –-1245, ഇടുക്കി –-1153, കാസര്‍കോട് –-1063, വയനാട് –- 909.
24 മണിക്കൂറിനിടെ 1,57,548 സാമ്ബിള്‍ പരിശോധിച്ചു. രോഗസ്ഥിരീകരണ നിരക്ക് 24.5 ശതമാനം. 21,116 രോഗമുക്തരായി. 2,84,086 പേര്‍ ചികിത്സയിലുണ്ട്. 48 മരണം റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണം 5259.

Related Articles

Back to top button