KeralaLatest

ഭക്തിനിര്‍ഭരമായി വിളംബര ഘോഷയാത്ര

“Manju”

പോത്തന്‍കോട് : ശാന്തിഗിരി നവപൂജിതം ആഘോഷങ്ങളുടെ ഭാഗമായി നടന്ന വിളംബര ഘോഷയാത്ര വര്‍ണ്ണാഭമായി. ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അനില്‍കുമാര്‍, വാമനപുരം ബ്ലോക്ക് പഞ്ചായത്തംഗം സജീവ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ അനില്‍ കുമാര്‍, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ വികസന സ്റ്റന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആര്‍ സഹീറത്ത് ബീവി, മുന്‍പഞ്ചായത്തംഗം റ്റി മണികണ്ഠന്‍ നായര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ പോത്തന്‍കോട് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച ഘോഷയാത്രയില്‍ പീതാംബരധാരികളായ സന്യാസിസന്യാസിനിമാരും ശുഭ്രവസ്ത്രധാരികളായ ഗുരുഭക്തരും അണിനിരന്നു. മുത്തുക്കുടകളും തുവെളളകൊടികളും ഘോഷയാത്രയെ വര്‍ണ്ണാഭമാക്കി. ചന്ദനത്തിരിയുടെയും അഷ്ടധൂപത്തിന്റേയും സുഗന്ധം വിതറിയ അന്തരീക്ഷത്തില്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അഖണ്ഡമന്ത്രാക്ഷരങ്ങളോടെ ചുവടുവെച്ചത് ഘോഷയാത്രയ്ക്ക് നിറവേകി. ഘോഷയാത്രയ്ക്ക് മുന്നിലായി പഞ്ചവാദ്യവും മധ്യഭാഗത്തായി ചെണ്ടമേളവും ഏറ്റവും പിറകിലായി ബാന്‍ഡ് മേളവും ക്രമീകരിച്ചിരുന്നു.സി.ആര്‍.പി.എഫ് ജവാൻമാരുടെ ബാന്റ്സംഘം ഏവര്‍ക്കും നവ്യാനുഭവമായി.  അഞ്ഞൂറില്‍പരം ഗുരുഭക്തര്‍ ഘോഷയാത്രയില്‍ പങ്കെടുത്തു. ഭക്തിനിര്‍ഭരമായ ഘോഷയാത്ര കാണികളുടെ മനംകവര്‍ന്നുകൊണ്ടാണ് ആശ്രമത്തിലെത്തിച്ചേര്‍ന്നത്.

Related Articles

Back to top button