AlappuzhaKeralaLatest

ഗൗരിയമ്മയുടെ മൃതദേഹം സംസ്‌കരിച്ചു

“Manju”

ആലപ്പുഴ: കേരള രാഷ്ട്രീയത്തിലെ പകരം വെയ്ക്കാനില്ലാത്ത നേതാവ് കെ.ആര്‍. ഗൗരിയമ്മ ഇനി ഓര്‍മ്മയില്‍ മാത്രം. ആലപ്പുഴയിലെ വലിയ ചുടുകാട്ടില്‍ ഗൗരിയമ്മയുടെ മൃതദദേഹം സംസ്‌കരിച്ചു. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്. രാഷ്ട്രീയ, സാമൂഹിക, സംസ്‌കാരിക രംഗത്തെ പ്രമുഖരടക്കം നിരവധി പേരാണ് ഗൗരിയമ്മയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്.

ഭര്‍ത്താവ് ടി.വി. തോമസിന്റെ ശവകുടീരത്തിന് സമീപത്തു തന്നെയാണ് ഗൗരിയമ്മയെ സംസ്‌കരിച്ചത്. കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒരു യുഗത്തിനാണ് ഗൗരിയമ്മയുടെ വിയോഗത്തോടെ തിരശീല വീഴുന്നത്. അണുബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ ഇന്ന് രാവിലെയായിരുന്നു ഗൗരിയമ്മ അന്തരിച്ചത്. തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളില്‍ ഗൗരിയമ്മയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ പ്രമുഖര്‍ അയ്യങ്കാളി ഹാളില്‍ എത്തി ഗൗരിയമ്മയ്ക്ക് അന്ത്യോപചാരം അര്‍പ്പിച്ചു. എ. വിജയരാഘവനും എം.എ. ബേബിയും ചേര്‍ന്നാണ് ഗൗരിയമ്മയുടെ മൃതദേഹത്തില്‍ ചെങ്കൊടി പുതപ്പിച്ചത്. പിന്നീട് തിരുവനന്തപുരത്ത് നിന്നും മൃതദേഹം ജന്മനാടായ ആലപ്പുഴയില്‍ എത്തിച്ചു. ചാത്തനാട്ട് വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം മൃതദേഹം ആലപ്പുഴ എസ്ഡിവി ഓഡിറ്റോറിയത്തിലേക്ക് കൊണ്ടുപോയി. അവിടെ നിന്നും സംസ്‌കാര ചടങ്ങുകള്‍ക്കായി വലിയ ചുടുകാട് ശ്മശാനത്തില്‍ എത്തിച്ചു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഒരു വിപ്ലവ നക്ഷത്രം തന്നെയാണ് ഇന്ന് വലിയ ചുടുകാട് ശ്മശാനത്തില്‍ എരിഞ്ഞടങ്ങിയത്.

Related Articles

Back to top button