IndiaInternationalKeralaLatest

സൗമ്യയുടെ മൃതദേഹം മറ്റന്നാൾ എത്തിയ്ക്കും

“Manju”

ജെറുസലേം: സ്രായേലിൽ ഹമാസിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി സൗമ്യ സന്തോഷിന്റെ മൃതദേഹം മറ്റന്നാൾ നാട്ടിൽ എത്തിക്കും. മൃതദേഹം നാളെ രാത്രി ടെൽ അവീവിൽ നിന്ന് പ്രത്യേക വിമാനത്തിൽ ഡൽഹിയിൽ കൊണ്ടുവരും. കഴിഞ്ഞ ഏഴ് വർഷമായി ഇസ്രായേലിൽ കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. അഷ്‌കലോൺ എന്ന സ്ഥലത്തായിരുന്നു ഇവർ താമസിച്ചിരുന്നത്. 2017 ൽ ആണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്.

ഭർത്താവുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെയാണ് സൗമ്യ ഹമാസിന്റെ ഷെല്ലാക്രമണത്തിനിരയായത്. സൗമ്യയുടെ ഭർത്താവും മകനും നാട്ടിലാണ്. സൗമ്യയുടെ നഷ്ടത്തിൽ ഇസ്രായേൽ മുഴുവൻ ദുഃഖിക്കുന്നുവെന്നാണ് ഇന്ത്യയിലെ ഇസ്രായേൽ അംബാസിഡർ പറഞ്ഞത്. കൂടാതെ സൗമ്യയുടെ മകനെ മുംബൈ ഭീകരാക്രമണത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട മോഷെയോടാണ് റോൺ മാൽക്ക ഉപമിച്ചത്.

അതിനിടെ ഹമാസിന്‍റെ ആക്രമണവും ഇസ്രായേലിന്‍റെ പ്രത്യാക്രമണവും കഴിഞ്ഞ രാത്രിയിലും മാറ്റമില്ലാതെ തുടർന്നു. ഗാസയിൽ നിന്നെത്തിയ ആയിരത്തോളം റോക്കറ്റുകളെ ഇസ്രായേൽ പ്രതിരോധ സംവിധാനം തകർത്തു. ഭീകരർ ഉൾപ്പെടെ എഴുപതിനടുത്ത് പലസ്തീനികൾക്കും ആറ് ഇസ്രായേലികൾക്കും മൂന്നുദിവസത്തിനുള്ളിൽ ജീവൻ നഷ്ടമായി. സിനഗോഗുകൾക്കും പോലീസ് സ്റ്റേഷനുകൾക്കും പലസ്തീൻ തീവ്രവാദികൾ തീയിട്ടു. ഇത്തരം പ്രവണതകൾ വച്ചുപൊറുപ്പിക്കാനാവില്ലെന്ന് പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Related Articles

Back to top button