IndiaKeralaLatest

കോവിഡ് മരണം റെക്കോര്‍ഡില്‍; രോഗികള്‍ 2.5 കോടി പിന്നിട്ടു

“Manju”

ന്യുഡല്‍ഹി: രാജ്യത്ത് കോവിഡ് മരണം ഇന്നലെ റെക്കോര്‍ഡിലെത്തി. ഇന്നലെ 4329 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 2,78,719ലെത്തി. ഗ്രാമീണ മേഖലകളിലാണ് മരണം ഇപ്പോള്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്യുന്നത്. ചികിത്സ സൗകര്യങ്ങളുടെ കുറവാണ് ഇതിനു പ്രധാന കാരണം.
അതേസമയം, ഇന്നലെ 2,63,533 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രില്‍ 22നായിരുന്നു പ്രതിദിന രോഗികള്‍ മൂന്നു ലക്ഷം കടക്കുന്നത്. 4,22,436 പേര്‍ രോഗമുക്തരായി. രോഗം ഭേദമാകുന്നവരുടെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ആകെ രോഗികള്‍ 2,52,28,996 ല്‍ എത്തിയപ്പോള്‍ രോഗമുക്തി നേടിയവരുടെ എണ്ണം 2,15,96,512 ആയി.
നിലവില്‍ 33,53,765 പേരാണ് ചികിത്സയിലുള്ളത്. 18,44,53,149 ഡോസ് വാക്‌സിനേഷന്‍ നല്‍കിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 31,82,92,881 സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. 18,69,223 ടെസ്റ്റുകളാണ് ഇന്നലെ മാത്രം നടത്തിയതെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു.
രാജ്യത്ത് ഈ ആഴ്ചയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.17% ആയി കുറഞ്ഞതായി സര്‍ക്കാര്‍ വ്യക്തമാക്കി. രോഗമുക്തി നിരക്ക് 84.81% ആയി. 1.10% ആണ് മരണനിരക്ക്. നിലവില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പോസിറ്റീവ് കേസുകളില്‍ 75.04 ശതമാനവും കര്‍ണാടക, മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ്.
ഇന്ത്യയിലെ പുതിയ വകഭേദങ്ങള്‍ പ്രതിരോധിക്കാന്‍ ഫൈസര്‍, മൊഡേണ, വാക്‌സിനുകള്‍ ഫലപ്രദമാണെന്ന് യു.എസ് ശാസ്ത്രജ്ഞരുടെ പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. സ്പുട്‌നിക് വാക്‌സിന് ജിഎസ്്ടി അടക്കം 995 രൂപയാണ് ഡോസിന് ഈടാക്കുന്നതെങ്കിലും സ്വകാര്യ ആശുപത്രികളില്‍ നിന്ന് ഈ വാക്‌സിന്‍ സ്വീകരിക്കാന്‍ 1250 രൂപ നല്‍കേണ്ടി വരുമെന്ന് ഡോ.റെഡ്ഡിസ് ലബോറട്ടറീസ് വ്യക്തമാക്കി.
വാക്‌സിനേഷന് രജിസ്റ്റര്‍ ചെയ്യാന്‍ കോവിന്‍ പോര്‍ട്ടല്‍, ഹിന്ദിയിലും 14 പ്രദേശിക ഭാഷകളിലും അടുത്തയാഴ്ച മുതല്‍ ലഭ്യമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കോവിഡ് വകഭേദങ്ങള്‍ കണ്ടെത്തുന്നതിനുള്ള പരിശോധനയ്ക്ക് 17 ലാബുകള്‍ക്ക് കൂടി അനുമതി നല്‍കി.
അതിനിടെ, കോവിഡ് ചികിത്സയ്ക്ക് പ്ലാസ്മ പ്രയോഗികമാണോ എന്നതില്‍ ആശയക്കുഴപ്പം തുടരുകയാണ്. പ്ലസ്മ ചികിത്സ നിഷ്ഫലമാണെന്ന് പ്രമുഖ ശാസ്ത്രമാസികയായ ലാന്‍സെറ്റ് പറയുന്നു. ഗുരുതരമായ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളില്‍ പ്ലാസ്മ ചികിത്സ കാര്യമായ പ്രയോജനം നല്‍കുന്നില്ലെന്നാണ് ലാന്‍സെറ്റ് പറയുന്നത്. പ്ലാസ്മ ചികിത്സ ഒഴിവാക്കിയതായി ഐ.സി.എം.ആറും അറിയിച്ചു.
ബ്‌ളാക്ക് ഫംഗസ് ചികിത്സയ്്ക്ക് എയിംസ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി.

Related Articles

Back to top button