IndiaKeralaLatest

കേന്ദ്രം നല്‍കിയ വെന്റിലേറ്ററുകള്‍ എങ്ങനെ പ്രവര്‍ത്തന രഹിതമായി ?

“Manju”

ന്യൂഡല്‍ഹി : കൊവിഡ് വ്യാപനം രണ്ടാം തരംഗത്തില്‍ രാജ്യത്തെയാകെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്ന നാളുകളിലൂടെയാണ് നാം കടന്നു പോകുന്നത്. കൊവിഡ് ഒന്നാം തരംഗത്തെ അപേക്ഷിച്ച്‌ രണ്ടാം തരംഗത്തില്‍ ശ്വാസ തടസവും, ഓക്സിജന്‍ ക്ഷാമവുമാണ് ആരോഗ്യമേഖലയെ കടുത്ത ആശങ്കയിലാഴ്ത്തിയത്. ഇതിനൊപ്പം കേന്ദ്രം പി എം കെയര്‍ പദ്ധതി പ്രകാരം സംസ്ഥാനങ്ങള്‍ക്ക് കൈമാറിയ വെന്റിലേറ്ററുകള്‍ പ്രവര്‍ത്തന രഹിതമാണെന്ന് വിവരവും പുറത്തു വന്നിരുന്നു. പ്രധാനമായും പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമാണ് ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്. ഇതേ തുടര്‍ന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംഭവത്തില്‍ വിശദമായ പരിശോധന നടത്തിയിരുന്നു.
ബി ജെ പി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന പഞ്ചാബിലും രാജസ്ഥാനില്‍ നിന്നും കേന്ദ്ര സര്‍ക്കാരിനെതിരെ ഇത്തരത്തില്‍ ഗുരുതരമായ ആരോപണം ഉയര്‍ന്നപ്പോള്‍ അതില്‍ രാഷ്ട്രീയം കണ്ടവരും ഏറെയാണ്. ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത് ചാത്തന്‍ വെന്റിലേറ്ററുകളാണെന്ന ആരോപണം പോലും രാജസ്ഥാനിലെ മന്ത്രിസഭയിലെ ഒരംഗം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കേന്ദ്രം കൈമാറിയ വെന്റിലേറ്ററുകള്‍ കൃത്യസമയത്ത് ഇന്‍സ്റ്റാള്‍ ചെയ്യാതിരുന്നതും, പ്രവര്‍ത്തിപ്പിക്കുന്നതിലെ പരിചയക്കുറവുമെല്ലാമാണ് ഉപകരണങ്ങള്‍ തകരാറിലാവാന്‍ കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്.
പഞ്ചാബില്‍ പിഎം കെയേഴ്സ് ഫണ്ട് വഴി ലഭിച്ച 320 വെന്റിലേറ്ററുകളില്‍ 237 എണ്ണത്തോളം പ്രവര്‍ത്തിക്കുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതു കൂടാതെ ചില സംസ്ഥാനങ്ങളില്‍ രോഗികളുടെ ജീവന്‍ അപകടത്തിലാകുമെന്ന് ഭയന്ന് പി എം കെയേഴ്സ് വഴി ലഭിച്ച വെന്റിലേറ്ററുകള്‍ ഉപയോഗിക്കാന്‍ അനസ്‌തെറ്റിസ്റ്റുകള്‍ തയ്യാറാകുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങളെ തള്ളിക്കളയുകയാണ്.
പ്രധാനമന്ത്രിയുടെ സിറ്റിസണ്‍ അസിസ്റ്റന്‍സ് ആന്റ് റിലീഫ് ഇന്‍ എമര്‍ജന്‍സി (പിഎം കെയേഴ്സ്) പദ്ധതി പ്രകാരം സംസ്ഥാനങ്ങള്‍ക്ക് യുദ്ധകാല അടിസ്ഥാനത്തില്‍ വിതരണം ചെയ്ത ഉപകരണങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിലുണ്ടായ കാലതാമസമാണ് ഉപകരണങ്ങള്‍ കേടാകുന്നതിലേക്ക് നയിച്ചതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അവകാശപെടുന്നത്. ഇതു സംബന്ധിച്ച്‌ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും കത്തെഴുതിയിട്ടുമുണ്ട്.
കഴിഞ്ഞ വര്‍ഷം കൊവിഡ് വ്യാപന സമയത്താണ് രാജ്യം വെന്റിലേറ്ററുകളുടെ കാര്യത്തില്‍ പിന്നോട്ടാണെന്ന് മനസിലാക്കി സംസ്ഥാനങ്ങള്‍ക്ക് അവ നല്‍കാന്‍ കേന്ദ്രം തീരുമാനിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ പരിശോധിക്കുമ്ബോള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയവയുടെ എണ്ണത്തിലും, അവര്‍ ആശുപത്രിയില്‍ സ്ഥാപിച്ചതിന്റെ എണ്ണത്തിലും വലിയ വിടവ് കാണാനാവും. വെയര്‍ ഹൗസുകളില്‍ ഏറെ നാള്‍ കെട്ടിക്കിടന്ന ശേഷമാണ് ഇവ ആശുപത്രിയില്‍ സ്ഥാപിക്കപ്പെട്ടതെന്നും കണ്ടെത്തിയിട്ടുണ്ട്.

Related Articles

Back to top button