IndiaKeralaLatest

ഷൈലജ ടീച്ചര്‍ ഇല്ലാത്ത മന്ത്രിസഭ: പ്രതിഷേധവുമായി  സിനിമാ താരങ്ങള്‍

“Manju”

കൊച്ചി: ആരോഗ്യമേഖലയില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച കെ.കെ ഷൈലജയ്ക്ക് തുടര്‍ഭരണത്തില്‍ മന്ത്രിസ്ഥാനം നിഷേധിച്ചതില്‍ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം. നടിമാരായ പാര്‍വതി തിരുവോത്ത്, അഹാന കൃഷ്ണകുമാര്‍, റിമ കല്ലിങ്കല്‍, സംവിധായക ഗീതു മോഹന്‍ദാസ്, അവതാരക രഞ്ജിനി ഹരിദാസ് തുടങ്ങിയവര്‍ തീരുമാനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
പാര്‍വതി തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ കമന്റ് ഓഫ് ആക്കിയിട്ടുണ്ട്. സമര്‍ത്ഥയായ നേതാവിനെ തഴഞ്ഞതിന് ന്യായീകരണമില്ല എന്നാണ് പാര്‍വതി വ്യക്തമാക്കിയത്. അധികാരം എന്നും ജനങ്ങളുടെ കയ്യിലാണെന്ന കാര്യം മറക്കണ്ട എന്നും പാര്‍വതി കുറിച്ചു. ഗൗരിയമ്മയും ശൈലജ ടീച്ചറും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചാണ് ഗീതു മോഹന്‍ദാസ് എത്തിയത്. ഈ ചിത്രത്തില്‍ ഗീതു മോഹന്‍ദാസ് പറയാതെ പറഞ്ഞിട്ടുണ്ട് എല്ലാം. കഴിവുണ്ടായിട്ടും എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലഭിക്കേണ്ടിയിരുന്ന വനിതാ മുഖ്യമന്ത്രിയെയാണ് കേരളത്തിന് നഷ്ടപ്പെട്ടതെന്നു ഗൗരിയമ്മയുടെ വേര്‍പാടില്‍ കേരളം ഓര്‍ത്തിരുന്നു.
ഗീതു മോഹന്‍ദാസിന്റെ മറ്റൊരു പോസ്റ്റ് ഷെയര്‍ ചെയ്താണ് അഹാനയുടെ പ്രതികരണം. അപ്രതീക്ഷിതവും, അപമാനകരവും, വിഡ്ഢിത്തവും നിറഞ്ഞ തുടക്കം എന്നാണ് രഞ്ജിനി ഹരിദാസിന്റെ പോസ്റ്റ്. പെണ്ണിന് എന്താ കുഴപ്പം എന്ന ഷൈലജ ടീച്ചറുടെ വാക്കുകള്‍ ഉദ്ധരിച്ചായിരുന്നു റിമ കല്ലിങ്കലിന്റെ പോസ്റ്റ്. തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് വിജയവും 5 വര്‍ഷത്തെ ലോകോത്തര സേവനവും നല്‍കിയ ഷൈലജ ടീച്ചര്‍ക്ക് സിപിഐ (എം) ല്‍ ഇടം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍, എന്ത് ചെയ്യാനാകും? എന്നും റിമ കല്ലിങ്കല്‍ കുറിച്ചു. ഷൈലജ ടീച്ചറെ തിരികെ വേണമെന്ന ഹാഷ് ടാഗോടെയാണ് റിമ കല്ലിങ്കലിന്റെ പ്രതികരണം.

Related Articles

Back to top button