IndiaKeralaLatest

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മലപ്പുറത്ത് മാത്രം, തൃശൂരില്‍ ഉച്ച വരെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരുന്നത് മലപ്പുറം ജില്ലയില്‍ മാത്രം. കൊവിഡ് വ്യാപനം ജില്ലയില്‍ രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ആണിത്. അതേസമയം എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളില്‍ ഇന്ന് മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഇല്ല. തൃശൂര്‍ ജില്ലയില്‍ ഇന്ന് ഉച്ച വരെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരും. ഉച്ചയ്ക്ക് ശേഷം ഇളവുകള്‍ സംബന്ധിച്ചുള്ള ഉത്തരവിറങ്ങും.
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ജില്ലകളില്‍ മലപ്പുറം ഒഴികെ കോവിഡ് ടിപിആര്‍ 25 ശതമാനത്തിനു താഴെയാവുകയും ആക്ടീവ് കേസുകള്‍ കുറയുകയും ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.
ലോക്ക്ഡൗണ്‍ മെയ് 30 വരെ നീട്ടി..ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ എടുത്ത് കളഞ്ഞു ഇവിടങ്ങളില്‍
മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച 3,499 പേര്‍ക്ക് ആണ് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. 28.75 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. അതേസമയം 4,613 പേര്‍ ജില്ലയില്‍ രോഗമുക്തരായി. ഇതോടെ കോവിഡ് വിമുക്തരായി ജില്ലയില്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 2,05,475 ആയി.
വെള്ളിയാഴ്ച രോഗബാധ സ്ഥിരീകരിച്ചവരില്‍ 3,363 പേര്‍ രോഗികളുമായി നേരിട്ടുള്ള സമ്ബര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 73 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ അഞ്ച് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 58 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കും. ക്രമസമാധാന ചുമതലയുളള എഡിജിപി നേരിട്ട് ആയിരിക്കും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക.

Related Articles

Back to top button