IndiaLatest

കൂടുതല്‍ കുട്ടികളുള്ള രക്ഷിതാക്കള്‍ക്ക് സമ്മാനം നല്‍കി മിസോറം മന്ത്രി

“Manju”

ഐസ്വാള്‍ : ഏറ്റവുമധികം കുട്ടികളുള്ള രക്ഷിതാക്കള്‍ക്ക് പ്രോത്സാഹന സമ്മാനം നല്‍കി മിസോറം മന്ത്രി. മിസോറം കായിക മന്ത്രി റോബര്‍ട്ട് റോമാവിയ റോയ്‌തെയാണ് സമ്മാനം നല്‍കിയത്. 17 രക്ഷിതാക്കള്‍ക്ക് ആകെ രണ്ടര ലക്ഷം രൂപയുടെ പാരിതോഷികം ലഭിച്ചു. സംസ്ഥാനത്ത് ബേബി ബൂം ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെയാണ് കൂടുതല്‍ കുട്ടികള്‍ ഉള്ള രക്ഷിതാക്കളെ പ്രോത്സാഹിപ്പിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. തന്റെ നിയോജക മണ്ഡലമായ ഐസ്വാള്‍ ഈസ്റ്റ് 2 ലെ ജനങ്ങളെയാണ് അദ്ദേഹം അനുമോദിച്ചത്.

ഏഴ് ആണ്‍കുട്ടികള്‍ ഉള്‍പ്പെടെ 15 കുട്ടികളുള്ള ചിങ്കാ വേങ്കില്‍ നിന്നുള്ള വിധവയായ നങ്കുരാവിക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്. 1 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലിയതാങ്കി എന്ന മറ്റൊരു വിധവയ്‌ക്ക് രണ്ടാം സമ്മാനമായ 30,000 രൂപ ലഭിച്ചു. 13 കുട്ടികളാണ് ഇവര്‍ക്കുള്ളത്. 12 കുട്ടികളുള്ള മൂന്ന് പേര്‍ക്ക് മൂന്നാം സമ്മാനമായ 20,000 രൂപയും ലഭിച്ചു.

താരതമ്യേന ജനന നിരക്ക് കുറവുളള സംസ്ഥാനമാണ് മിസോറം. ജനന നിരക്ക് കുറഞ്ഞുവരുന്നത് സംസ്ഥാനത്തെ മോശമായി ബാധിക്കും. അതിനാലാണ് കുട്ടികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന് നേതൃത്വം നല്‍കുന്നത് കായിക മന്ത്രിയാണ്. നേരത്തെ ഫാദേഴ്‌സ് ഡേയിലും കൂടുതല്‍ കുട്ടികളുള്ള അച്ഛന്‍മാര്‍ക്ക് അദ്ദേഹം അവാര്‍ഡ് നല്‍കിയിരുന്നു. 1 ലക്ഷം രൂപയാണ് സമ്മാനമായി നല്‍കിയത്.

Related Articles

Back to top button