IndiaKeralaLatest

ഒളിമ്പിക്സ് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍ അറസ്റ്റില്‍

“Manju”

ന്യൂഡല്‍ഹി: മുന്‍ ജൂനിയര്‍ ദേശീയ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ റാണയുടെ കൊലപാതക കേസില്‍ ഒളിവിലായിരുന്ന ഒളിമ്പിക്സ് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം സുശീല്‍ കുമാര്‍ ഉത്തര്‍പ്രദേശിലെ മീററ്റിലുള്ള ടോള്‍പ്ലാസയില്‍ കാറില്‍ സഞ്ചരിക്കുന്ന ചിത്രം മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റ്.
മേയ് നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. 23കാരനായ സാഗര്‍ ധന്‍ഖഡ് എന്ന സാഗര്‍ റാണയെ സ്‌റ്റേഡിയത്തിെന്‍റ പാര്‍ക്കിങ് ഏരിയയില്‍ വെച്ച്‌ മര്‍ദിച്ച്‌ കൊലപ്പെടുത്തിയെന്നാണ് കേസ്. മറ്റു ഗുസ്തിക്കാര്‍ക്ക് മുന്നില്‍ മോശമായി പെരുമാറിയതിന് സുശീല്‍ കുമാറും കൂട്ടാളികളും മോഡല്‍ ടൗണിലെ വീട്ടില്‍നിന്നും സാഗറിനെ പിടിച്ചുകൊണ്ടുവരികയായിരുന്നെന്നാണ് പൊലീസിന് ലഭിച്ച മൊഴി.
സുശീല്‍ കുമാറിനെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഡല്‍ഹി കോടതി സുശീല്‍ കുമാറിനും മറ്റ് ഒമ്ബത് പേര്‍ക്കുമെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും, സുശീല്‍ കുമാറിെന്‍റ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയും ചെയ്തിരുന്നു. ഒളിവില്‍ പോയ സുശീല്‍ കുമാര്‍ ആദ്യം ഹരിദ്വാറിലേക്കും പിന്നീട് ഋഷികേശിലേക്കും തുടര്‍ന്ന് ഡല്‍ഹിയില്‍ തിരിച്ചെത്തി ഹരിയാനയിലെ വിവിധയിടങ്ങളില്‍ കഴിയുകയാണെന്നും സൂചന ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന്, പൊലീസ് ലുക്ക് ഒൗട്ട് നോട്ടീസും ഇറക്കിയും വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചും തകൃതിയായ അന്വേഷണമാണ് നടത്തിയത്.

Related Articles

Back to top button