IndiaLatest

“Manju”

തീവ്രമല്ലാത്ത കോവിഡ് അണുബാധയുള്ളവര്‍ കര്‍ശനമായും സ്റ്റിറോയ്ഡുകള്‍ ഒഴിവാക്കണം

ന്യൂഡല്‍ഹി: അത്ര തീവ്രമല്ലാത്ത കോവിഡ് അണുബാധയുള്ളവര്‍ സ്റ്റിറോയ്ഡ് മരുന്നുകള്‍ ഉപയോഗിക്കരുതെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേരിയ. കോവിഡ് രോഗിയുടെ ഓക്സിജന്‍ തോത് സാധാരണവും രോഗാവസ്ഥ തീവ്രവും അല്ലെങ്കില്‍ സ്റ്റിറോയ്ഡുകളുടെ ആവശ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ് രോഗികളില്‍ ബ്ലാക്ക് ഫംഗസ് രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് ഡോ.ഗുലേരിയയുടെ മുന്നറിയിപ്പ്. സ്റ്റിറോയ്ഡ് മരുന്നുകള്‍ രോഗിയുടെ പ്രതിരോധ സംവിധാനത്തെ അമര്‍ത്തി വയ്ക്കുന്നത് ബ്ലാക്ക് ഫംഗസ് പിടിപെടാന്‍ കാരണമാകുന്നുണ്ട്.

ഈ മരുന്നുകള്‍ രക്തത്തിലെ പഞ്ചസാര 300-400 തോതിലേക്ക് ഉയര്‍ത്തുമെന്നതിനാല്‍ ഇവ കഴിക്കുന്നവര്‍ ഇടയ്ക്കിടെ ബ്ലഡ്‌ ഷുഗര്‍ പരിശോധന നടത്തണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. രക്തത്തിലെ പഞ്ചസാര ഉയരുന്നതും ബ്ലാക്ക് ഫംഗസ് അണുബാധ സാധ്യത വര്‍ധിപ്പിക്കും. വലിയ അളവില്‍ സ്റ്റിറോയ്ഡ് മരുന്നുകള്‍ കോവിഡ് രോഗികള്‍ അകത്താക്കുന്നത് അപകടകരമാണെന്നും ഡോ ഗുലേരിയ അഭിപ്രായപ്പെടുന്നു. പരമാവധി അഞ്ച് മുതല്‍ പത്ത് ദിവസം വരെയാണ് കണക്കുകള്‍ പ്രകാരം സ്റ്റിറോയ്ഡ് നല്‍കാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡിനൊപ്പം ബ്ലാക്ക് ഫംഗസ് അണുബാധ കൂടി എത്തുന്നത് വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ സംവിധാനത്തെ സമ്മര്‍ദത്തിലാഴ്ത്തുന്നുണ്ട്. ആരോഗ്യ സംവിധാനത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടേണ്ട നോട്ടിഫയബിള്‍ ഡിസീസ് ആയി വിവിധ സംസ്ഥാനങ്ങള്‍ ബ്ലാക്ക് ഫംഗസിനെ വിജ്ഞാപനം ചെയ്തിരുന്നു.

Related Articles

Back to top button