India

നാല് വാക്‌സിനുകൾക്ക് കൂടി ഉടൻ അനുമതി നൽകും

“Manju”

ന്യൂഡൽഹി : കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് വരും ദിവസങ്ങളിൽ കൂടുതൽ വാക്‌സിനുകൾ ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ. രാജ്യത്ത് കൊറോണ വാക്‌സിൻ ഉത്പാദനം വർദ്ധിപ്പിക്കുന്നുണ്ടെന്നും വരും ദിവസങ്ങളിൽ കുത്തിവെപ്പ് ഉയർത്താനാണ് തീരുമാനമെന്നും നിതി ആയോഗ് അംഗം ഡോ. വിനോദ് കെ പോൾ അറിയിച്ചു. ഇന്ത്യയ്ക്ക് ഉടൻ തന്നെ നാല് വാക്‌സിനുകൾ കൂടി ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വാക്‌സിൻ വിതരണം നിർത്തി എന്ന പ്രചാരണം തെറ്റാണ്. ഒരു ദിവസം ഒരു കോടി വാക്‌സിൻ നൽകുക എന്നതാണ് കേന്ദ്ര സർക്കാർ ലക്ഷ്യം. ആഴ്ചകൾക്കുള്ളിൽ അത് സാധ്യമാകുമെന്നും തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിദിനം 43 ലക്ഷം പേർക്ക് വാക്‌സിൻ കുത്തിവെപ്പ് നടത്തിയിട്ടുണ്ട്. മൂന്നാഴ്ചയ്ക്കകം അത് 73 ലക്ഷമായി ഉയർത്തുമെന്നും തുടർന്നും വർദ്ധിപ്പിക്കാനുള്ള സംവിധാനം ഉണ്ടാക്കുമെന്നും വി കെ പോൾ വ്യക്തമാക്കി. അത് കൂടാതെ രാജ്യത്ത് നാല് വാക്‌സിനുകൾക്ക് കൂടി അടിയന്തിര ഉപയോഗത്തിന് അനുമതി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊറോണ വാക്‌സിൻ ഉത്പാദനം കേന്ദ്ര സർക്കാർ വേഗത്തിലാക്കിയിട്ടുണ്ട്. ഉത്പാദിപ്പിക്കുന്നതിന്റെ 50 ശതമാനം കേന്ദ്ര സർക്കാർ സംഭരിച്ച് സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകും. 45 വയസിന് മുകളിൽ പ്രായമുള്ളവർക്ക് കുത്തിവെപ്പ് നടത്താനാണ് ഇത് നൽകുന്നത്. ബാക്കി 50 ശതമാനത്തിൽ നിന്ന് സംസ്ഥാനങ്ങൾക്കും സ്വകാര്യമേഖലയ്ക്കും വാക്‌സിൻ വാങ്ങി വിതരണം നടത്താം. പൊതുവിപണിയിൽ നിന്നും വാങ്ങുന്ന വാക്‌സിൻ ആർക്കെല്ലാം നൽകണമെന്നതിനെ കുറിച്ച് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും വി കെ പോൾ വ്യക്തമാക്കി.

Related Articles

Back to top button