IndiaKeralaLatest

കോവിഡ് ഇളവ് ഉത്തരവില്‍ ഒതുങ്ങി, ചലിക്കാതെ തലസ്ഥാന നഗരം

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: കോവിഡ് ഇളവുകള്‍ പേരിന് നിലവില്‍ വന്നെങ്കിലും തലസ്ഥാനത്ത് കാര്യമായ ചലനമുണ്ടായില്ല. നിരത്തില്‍ വാഹനങ്ങളുടെ എണ്ണം കൂടിയെങ്കിലും പലയിടങ്ങളിലും കടകള്‍ തുറന്നില്ല. മതിയായ സമയം കിട്ടാത്തതിനാല്‍ കച്ചവടക്കാര്‍ക്ക് ഒരുങ്ങാന്‍ കഴിഞ്ഞില്ല. മഴ കൂടി കനത്തതോടെ ജനം പെരുവഴിയിലായി.

തലസ്ഥാനത്ത് കഴിഞ്ഞ ദിവസം രാത്രി നടത്തിയ ചില ഇളവുകളുടെ പ്രഖ്യാപനമാണ് ആശയക്കുഴപ്പം മൂലം കാര്യമായി പ്രതിഫലിക്കാതെ പോയത്. കടകളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കുമെന്നായിരുന്നു പ്രധാന പ്രഖ്യാപനം. ജനങ്ങളുടെ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുന്ന സുപ്രധാനമായ നേരിയ ഇളവുകളാണ് പ്രഖ്യാപിച്ചിരുന്നത്. ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയാണ് ഇളവുകള്‍ അറിയിച്ചത്. മാളുകളും മറ്റും ഒഴികെയുള്ള കച്ചവട സ്ഥാപനങ്ങള്‍ക്ക് രാവിലെ ഏഴു മുതല്‍ രാത്രി ഏഴുവരെ തുറന്നു പ്രവര്‍ത്തിക്കാമെന്നായിരുന്നു ഒരു പ്രഖ്യാപനം. ഇവ ഏതൊക്കെ മേഖലയില്‍ ബാധകമായിരിക്കുമെന്ന് കൃത്യമായി വ്യക്തമാക്കാതിരുന്നത് ആശയക്കുഴപ്പം ഇരട്ടിപ്പിച്ചു. പൊതുവായ അറിയിപ്പാണ് നല്‍കിയത്. ഇത് മിക്ക മേഖലയിലെയും വ്യാപാരികളില്‍ ആശയക്കുഴപ്പമുണ്ടാക്കി. പലരും പതിവു പോലെ ആറു മണി വരെ മാത്രമേ തുറന്നിരുന്നുള്ളൂ.

സൂപ്പര്‍ മാര്‍ക്കറ്റുകളെല്ലാം ആറിനു മുമ്പു തന്നെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. എന്നാല്‍ ഇത്തരം സ്ഥാപനങ്ങള്‍ക്കു മുന്നില്‍ ജനങ്ങള്‍ ആറിനു ശേഷവും എത്തി. പച്ചക്കറി കടകളാണ് ആശയക്കുഴപ്പത്തില്‍പെട്ട മറ്റൊരു വിഭാഗം. അറിയിപ്പനുസരിച്ച്‌ ഇവര്‍ക്ക് ഏഴുമണി വരെ കച്ചവടം നടത്താന്‍ തടസമുണ്ടായിരുന്നില്ല. പൊലീസിനും കടകള്‍ അടപ്പിക്കുന്നതു സംബന്ധിച്ച്‌ വ്യക്തമായ ധാരണ ഇല്ലായിരുന്നു. പല മേഖലകളിലും ജീപ്പിലെത്തിയ പൊലീസ് സംഘം ഇന്നലെ അഞ്ചരയോടെ തന്നെ ഇത്തരം സ്ഥാപനങ്ങള്‍ അടയ്ക്കാനുള്ള മുന്നറിയിപ്പുമായി എത്തി. ചില മേഖലകളില്‍ ഇത് കച്ചവടക്കാരും പൊലീസുമായുള്ള തര്‍ക്കത്തിന് ഇടയാക്കി.

ഹോട്ടലുകളുടെ കാര്യത്തിലായിരുന്നു പ്രതിസന്ധി ഏറെ ദൃശ്യമായത്. ഹോട്ടലുകള്‍ക്കും റെസ്റ്ററന്റുകള്‍ക്കും പാഴ്‌സല്‍ സര്‍വീസ് ഇന്നലെ മുതല്‍ നടത്താന്‍ അനുമതിയുണ്ടെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഭക്ഷണങ്ങള്‍ ഉണ്ടാക്കാനുള്ള അസംസ്‌കൃത സാധനങ്ങള്‍ ശേഖരിക്കാന്‍ ആവശ്യമായ സമയം ഇവര്‍ക്ക് ലഭിച്ചില്ല. മാത്രമല്ല ജീവനക്കാരോട് ഇന്നലെ അതിരാവിലെ തന്നെ എത്തിക്കാനുള്ള നിര്‍ദ്ദേശം നല്‍കാനും ഹോട്ടലുടമകള്‍ക്ക് കഴിഞ്ഞില്ല. വിദൂര പ്രദേശങ്ങളില്‍നിന്നാണ് പല ഹോട്ടല്‍ ജീവനക്കാര്‍ക്കും എത്തേണ്ടിയിരുന്നത്. സ്വാഭാവികമായും ഹോട്ടലുകളിലെ പാഴ്‌സല്‍ വിതരണം ഇന്നലെ നടന്നില്ല. എന്നാല്‍ ഇളവുകള്‍ മുന്‍കൂട്ടിക്കണ്ട് തയാറെടുത്തിരുന്ന അപൂര്‍വം ഹോട്ടലുകള്‍ മാത്രം തുറന്നു. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സംവിധാനവും കാര്യക്ഷമമായിരുന്നില്ല. നിയന്ത്രണങ്ങളോടെ പൊതുഗതാഗത സംവിധാനവും ഇന്നലെ മുതല്‍ ഓടിത്തുടങ്ങുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ ഇവയും കാര്യമായി ചലിച്ചില്ല.

Related Articles

Back to top button