IndiaLatest

റെയില്‍വേയില്‍ 13,450 തസ്തികകള്‍ ഒഴിവാക്കുന്നു

“Manju”

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയില്‍ 13,450 തസ്തികകള്‍ ഒഴിവാക്കുന്നു. 2021- 22 വര്‍ഷത്തെ തൊഴില്‍ കണക്കെടുപ്പിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും തസ്തികകള്‍ വേണ്ടെന്നുവെക്കാന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചത്. 16 സോണല്‍ റെയില്‍വേകളിലായി വിവിധ ഡിപ്പാര്‍ട്ട്മെന്റുകളിലുള്ള 13,450 തസ്തികകള്‍ ഒഴിവാക്കാനാണ് തീരുമാനം.

ആവശ്യത്തിന് ജീവനക്കാരില്ലാത്ത സാഹചര്യം നിലനില്‍ക്കുമ്ബോഴാണ് റെയില്‍വേ ബോര്‍ഡിന്റെ നടപടിയെന്നത് ശ്രദ്ധേയമാണ്. 2019ല്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 2,85,258 ഒഴിവുകള്‍ റെയില്‍വേയില്‍ നിലവിലുണ്ട്. 50,000 പേര്‍ ശരാശരി റിട്ടയര്‍ ചെയ്യുന്നുമുണ്ട്. കൊവിഡ് മഹാമാരി മൂലം പ്രതിദിനം 1,000ത്തോളം റെയില്‍വേ ജീവനക്കാര്‍ രോഗബാധിതരാകുന്നു. ഇതിനോടകം 2,500ലധികം ജീവനക്കാര്‍ മരിച്ചു.

വിവിധ സുരക്ഷാ ജോലികളിലും ട്രെയിന്‍ ഓപറേഷനിലും ജീവനക്കാരുടെ കുറവ് പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമ്ബോഴാണ് റെയില്‍വേ ബോര്‍ഡിന്റെ കടുംവെട്ട്. റെയില്‍വേയെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണ് ഈ നടപടിയെന്ന ആക്ഷേപവും ഉയരുന്നുണ്ട്. അതേസമയം, സാങ്കേതികവിദ്യയില്‍ വന്ന മാറ്റത്തിന്റെ ഫലമായി ചില തസ്തികകള്‍ ആവശ്യമില്ലാതെ വരികയും മറ്റു ചില തസ്തികകള്‍ പുതുതായി അനുവദിക്കേണ്ടി വരികയും ചെയ്തതിനാലാണ് പുതിയ തീരുമാനമെന്ന് ബോര്‍ഡ് വിശദീകരിക്കുന്നു.

റെയില്‍വേ ബോര്‍ഡിന്റെ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സി പി എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എം പി കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന് കത്ത് നല്‍കി. അശാസ്ത്രീയവും നിലവിലെ സാഹചര്യവുമായി ഒട്ടും പൊരുത്തപ്പെടാത്തതുമായ ഈ തീരുമാനം പിന്‍വലിക്കുകയും നിലവിലുള്ള ഒഴിവുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നികത്തുന്നതിന് റിക്രൂട്ട്‌മെന്റ്നടപടികള്‍ ത്വരിതപ്പെടുത്തുകയും ചെയ്യണമെന്ന് അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.

തൊഴില്‍ കണക്കെടുപ്പ് തുടങ്ങുന്നതിന് മുമ്പ് തന്നെ ഓരോ സോണിനും നിശ്ചിത എണ്ണം തസ്തികകള്‍ സറണ്ടര്‍ ചെയ്യണമെന്ന് ടാര്‍ജറ്റ് നിശ്ചയിച്ചു കൊടുക്കുന്നത് എന്തുതരം യുക്തിയുടെ അടിസ്ഥാനത്തിലാണ്. ഒഴിവുകള്‍ വരുമ്ബോള്‍ ദീര്‍ഘകാലം നികത്താതെ ഒഴിച്ചിട്ട് ആ തസ്തിക പിന്നീട് വേണ്ടെന്ന് വെക്കുന്ന റെയില്‍വേ നയത്തിന്റെ ഭാഗമായാണ് ബോര്‍ഡ് നടപടിയെന്ന് എളമരം കരീം പറഞ്ഞു.

Related Articles

Back to top button