KeralaLatest

‘എല്ലാവര്‍ക്കും നന്ദി’; ആശ്വാസത്താല്‍ വിതുമ്പി അബിഗേലിന്റെ അമ്മ

“Manju”

കൊല്ലം: 21 മണിക്കൂറിലെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ആറുവയസ്സുകാരി അബിഗേല്‍ സാറാ റെജിയെ കൊല്ലത്തെ ആശ്രാമം മൈതാനത്തുനിന്ന് കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് ഓയൂര്‍ ഗ്രാമം. കുട്ടിയെ കണ്ടെത്തിയതിനു പിന്നാലെ പോലീസ് എ.ആര്‍. ക്യാമ്പിലെത്തിച്ച ശേഷം കുട്ടിയെ വീഡിയോ കോള്‍ വഴി അമ്മയെ കാണിച്ചു.

കുട്ടി അമ്മയുമായും മറ്റു ബന്ധുക്കളുമായും സംസാരിച്ചു. മകളെ കണ്ടെത്താന്‍ സഹായിച്ച പോലീസ്, രാഷ്ട്രീയക്കാര്‍, നാട്ടുകാര്‍, വൈദികര്‍ തുടങ്ങി എല്ലാവരോടും കുട്ടിയുടെ അമ്മ നന്ദിയറിയിച്ചു. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ. കുഞ്ഞിനെ കണ്ടെത്താന്‍ പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദിയെന്നും കുട്ടിയുടെ അമ്മ ഓയൂരിലെ വീട്ടില്‍വെച്ച് പ്രതികരിച്ചു.

നന്ദി, എല്ലാവരോടും നന്ദി, പ്രാര്‍ഥിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ എന്നുപറഞ്ഞ് മാധ്യമങ്ങള്‍ക്കു മുന്‍പില്‍ അവര്‍ വിതുമ്പി. പ്രാര്‍ഥിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെയെന്ന് തട്ടിക്കൊണ്ടുപോകുമ്പോള്‍ അബിഗേലിനൊപ്പം ഉണ്ടായിരുന്ന സഹോദരന്‍ ജാനാഥനും പറഞ്ഞു.

നവംബര്‍ 27, തിങ്കളാഴ്ച വൈകിട്ട് 4.20-ഓടെയാണ് വീട്ടില്‍നിന്ന് ട്യൂഷന് പോയ ആറുവയസ്സുകാരി അബിഗേല്‍ സാറാ റെജിയെ കാറിലെത്തിയ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. ഓയൂരിനു സമീപം പൂയപ്പള്ളി കാറ്റാടി ഓട്ടുമലയില്‍ റെജി ജോണിന്റെയും സിജി റെജിയുടെയും മകളാണ് അബിഗേല്‍ സാറാ റെജി. ഒപ്പമുണ്ടായിരുന്ന സഹോദരന്‍ ജോനാഥനെ(9)യും കാറിലെത്തിയവര്‍ പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ചെറുത്തുനിന്നതിനാല്‍ അല്പദൂരം വലിച്ചിഴച്ചശേഷം വണ്ടിയില്‍നിന്ന് പുറത്തേക്ക് തള്ളിയിട്ടു. കാലുകള്‍ റോഡിലുരഞ്ഞ് ജോനാഥന് പരിക്കേറ്റിട്ടുണ്ട്.

Related Articles

Back to top button