IndiaLatest

തിങ്കളാഴ്ച മുതല്‍ ഘട്ടംഘട്ടമായി ലോക്ക്ഡൗണ്‍ ഒഴിവാക്കാന്‍ മഹാരാഷ്ട്ര

“Manju”

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തിങ്കളാഴ്ച മുതല്‍ ഘട്ടംഘട്ടമായി ഒഴിവാക്കാന്‍ മഹാരാഷ്ട്ര. സംസ്ഥാനത്തെ ജില്ലകളെ അഞ്ചായി തരംതിരിച്ചാണ് ഇളവുകള്‍ അനുവദിക്കുക. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെയും ഓക്സിജന്‍ കിടക്കകളുടെ ഉപയോഗത്തിന്റെയും അടിസ്ഥാനത്തിലാണ് 36 ജില്ലകളെ അഞ്ച് തലങ്ങളിലായി തിരിക്കുന്നത്. കോവിഡ് വ്യാപനം ഉയര്‍ന്നു നില്‍ക്കുന്ന ജില്ലകളില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കില്ല.

അണ്‍ലോക്ക് 2.0യുടെ ആദ്യഘട്ടത്തില്‍ 18 ജില്ലകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പോസിറ്റിവിറ്റി നിരക്ക് അഞ്ചില്‍ താഴെയുള്ള, 25 ശതമാനത്തില്‍ താഴെ മാത്രം ഓക്സിജന്‍ കിടക്കകള്‍ രോഗികള്‍ ഉപയോഗിക്കുന്ന ജില്ലകളാണ് ഈ ഗ്രൂപ്പിലുള്ളത്. ഔറംഗബാദ്, ഭണ്ഡാര, ബുള്‍ദാന, ചന്ദ്രപൂര്‍, ധൂലെ, ഗാഡ്ചിരോലി, ഗോണ്ടിയ, ജല്‍ഗാവ്, ജല്‍ന, ലത്തൂര്‍, നാഗ്പൂര്‍, നന്ദേദ്, നാസിക്, പരഭാനി, താനെ, വീഷിം, വാര്‍ധ, യുവത്മാല്‍ എന്നീ ജില്ലകളാണ് മറ്റന്നാള്‍ മുതല്‍ തുറക്കുക. ഇവിടങ്ങളില്‍ റസ്റ്ററന്റുകള്‍, മാളുകള്‍, സലൂണുകള്‍, തിയറ്ററുകള്‍, കടകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ടാകും.

മുംബൈ ഉള്‍പ്പെടെ രണ്ടാമത്തെ ഗ്രൂപ്പിലാണുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ടിപിആര്‍ അഞ്ചില്‍ താഴെയാണെങ്കിലും 25 മുതല്‍ 40 ശതമാനം വരെ ഓക്സിജന്‍ കിടക്കകള്‍ ഉപയോഗത്തിലുള്ള ജില്ലകളാണ് ഈ ഗ്രൂപ്പില്‍. ഇവിടെ കടകള്‍ തുറക്കാമെങ്കിലും റസ്റ്ററന്റുകള്‍, ജിം, സലൂണ്‍ എന്നിവയ്ക്കു ഭാഗിക നിയന്ത്രണം ഉണ്ടായിരിക്കും. ജില്ലകളില്‍ സിനിമാചിത്രീകരണത്തിന് അനുവാദം നല്‍കും. വിവാഹങ്ങള്‍ക്കും കൂടിച്ചേരലുകള്‍ക്കും 50% പേരെ ഉള്‍പ്പെടുത്താന്‍ അനുമതിയുണ്ട്. ഓഫിസുകള്‍ക്ക് തുറക്കാം. ബസുകളില്‍ നിന്നു യാത്ര ചെയ്യാന്‍ അനുവാദമില്ല. മുംബൈ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകളും അനുവദിക്കില്ല. അഞ്ച് മുതല്‍ 10 വരെ പോസിറ്റിവിറ്റി നിരക്കുള്ള 40-60 ശതമാനം ഓക്സിജന്‍ കിടക്കകള്‍ ഉപയോഗത്തിലുള്ള ജില്ലകള്‍ മൂന്നാം ഗ്രൂപ്പിലും കോവിഡ് വ്യാപനം അതിലും രൂക്ഷമായ ജില്ലകള്‍ മറ്റ് രണ്ടു ഗ്രൂപ്പുകളിലുമാണു വരുന്നത്. ഇവിടെ നിയന്ത്രണങ്ങള്‍ക്ക് ഇളവുണ്ടാകില്ല.

Related Articles

Back to top button