India

80 കോടി ജനങ്ങൾക്ക് ദീപാവലി വരെ സൗജന്യ ഭക്ഷ്യധാന്യം

“Manju”

ന്യൂഡൽഹി : രാജ്യത്തെ 80 കോടി ജനങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പി.എം.ജി.കെ.വൈ) പദ്ധതിയിലൂടെ ജനങ്ങൾക്ക് എല്ലാ മാസവും ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി നൽകാനാണ് തീരുമാനം. ദീപാവലി വരെ കേന്ദ്ര സർക്കാർ ഈ പദ്ധതി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

ഈ പദ്ധതിയിലൂടെ മെയ് മാസത്തിൽ രാജ്യത്തെ 55 കോടി ഗുണഭോക്താക്കൾക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ ലഭിച്ചിരുന്നു. ജൂണിൽ ഇതുവരെ 2.6 കോടി ഗുണഭോക്താക്കൾക്കും ഭക്ഷ്യധാന്യം വിതരണം ചെയ്തതായി അധികൃതർ അറിയിച്ചു. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കുമായി ഏകദേശം 63.67 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങളാണ് കേന്ദ്രം നൽകിയത്. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സെക്രട്ടറി സുധാൻഷു പാണ്ഡെയാണ് ഇക്കാര്യം അറിയിച്ചത്.

28 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങളാണ് മെയ് മാസത്തിൽ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തത്. അതുകൂടാതെ, ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഇന്നു വരെ മേയ് മാസത്തിലെ 90 ശതമാനവും ജൂണിലെ 12 ശതമാനവും ഭക്ഷ്യധാന്യങ്ങൾ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തിട്ടുണ്ടെന്നും സുധാൻഷു പാണ്ഡെ കൂട്ടിച്ചേർത്തു. ജൂൺ മാസം തുടങ്ങി മൂന്ന് ദിവസത്തിനുളളിൽ തന്നെ 1.3 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തുകഴിഞ്ഞു. 2.6 കോടി ഗുണഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.

കൊറോണയുടെ രണ്ടാം തരംഗം രാജ്യത്തെ രൂക്ഷമായി ബാധിച്ചുവെന്നും എന്നാൽ ഇതിനെതിരെ ശക്തമായ പോരാട്ടമാണ് ജനങ്ങൾ ഒറ്റക്കെട്ടായി കാഴ്ചവെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ആശുപത്രികളിൽ സർക്കാർ ഏർപ്പെടുത്തിയ സജ്ജീകരണങ്ങളും പ്രധാനമന്ത്രി എടുത്ത് പറഞ്ഞു.

Related Articles

Back to top button