IndiaLatestThiruvananthapuram

ഡോ.കെ.ജഗന്നാഥൻ ബുസ് (BUSS) പ്രസിഡന്റ്

“Manju”

ന്യൂഡൽഹി: ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇൻ-ചാർജും മരുത്വം ഡിപ്പാർട്ട്മെന്റ് ഹെഡുമായ ഡോ.കെ. ജഗന്നാഥനെ ബോർഡ് ഓഫ് യുനാനി, സിദ്ധ ആന്റ് സോവ റിഗ്‌‌പയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു. പ്രധാനമന്ത്രി നേരിട്ട് ചുമതല വഹിക്കുന്ന കേന്ദ്ര പേഴ്സ്ണൽ, പബ്ലിക് ഗ്രീവിയൻസസ് & പെൻഷൻസ് മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. നാലു വർഷത്തേക്കാണ് നിയമനം .

കേന്ദ്ര ക്യാബിനറ്റിന്റെ നിയമന കമ്മിറ്റി അംഗീകരിച്ചതോടെ സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിന്റെ ബോർഡ് ഓഫ് ഗവർണർമാരുടെ ചെയർപേഴ്സണായി ചുമതല വഹിച്ചിരുന്ന വൈദ്യ ജയന്ത് യശ്വന്ത് ദ്യോജ്പുരിയെ നാഷണൽ കമ്മീഷൻ ഫോർ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിന്റെ ചെയർപേഴ്‌‌സണായി തെരഞ്ഞെടുത്തു. പുതുതായി നിലവിൽ വരുന്ന ദേശീയ കമ്മീഷനു കീഴിൽ നാലു സുപ്രധാന ബോർഡുകളാണുള്ളത്. ബോർഡ് ഓഫ് ആയുർവേദക്കും ബോർഡ് ഓഫ് യുനാനി, സിദ്ധ & സോവ റിഗ്‌‌പക്കും പുറമെ മെഡിക്കൽ അസസ്മെന്റ് & റേറ്റിംഗിന് പ്രത്യേകമായും എത്തിക്സിനും രജിസ്ട്രേഷനും പ്രത്യേക ബോർഡും നിലവിലുണ്ട്.

ബോർഡ് ഓഫ് ആയുർവേദയുടെ പ്രസിഡന്റായി കർണാടകയിലെ ബെലഗാവി ശ്രീ.ബി.എം കങ്കൺവാടി ആയൂർവേദ മഹാവിദ്യാലയയിലെ പ്രിൻസിപ്പാൾ ഡോ.ശ്രിനിവാസ പ്രസാദ് ബുർദുവിനെയും മെഡിക്കൽ അസസ്മെന്റ് & റേറ്റിംഗ് ബോർഡ് പ്രസിഡന്റായി ബംഗലുരൂ സുശ്രൂത ആയൂർവേദിക് മെഡിക്കൽ കോളേജ് & ഹോസ്പിറ്റലിലെ പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റഡീസിന്റെ ഡയറക്ടർ ഡോ.യു.രഘുറാം ഭട്ടയെയും ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ വിഭാഗത്തിലെ ഡോക്ടർമാരുടെ രജിസ്ട്രേഷനും എത്തിക്സും സംബന്ധിച്ച ബോർഡിന്റെ പ്രസിഡന്റായി പഞ്ചാബ് ഹോഷിയാർപുർ ഗുരു രവിദാസ് ആയുർവേദ യൂണിവേഴ്സിറ്റി ഡീൻ വൈദ്യ രാകേഷ് ശർമ്മയെയും നിയമിച്ചു.

കണ്ണൂർ നാറാത്ത് സ്വദേശിയായ ഡോ. കെ. ജഗന്നാഥൻ കഴിഞ്ഞ 16 വർഷക്കാലമായി ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിലെ അധ്യാപകനാണ് . നിലവിൽ പ്രിൻസിപ്പൽ ഇൻ-ചാർജായി ചുമതല വഹിക്കുന്ന ഇദ്ധേഹം ഇപ്പോൾ താമസിക്കുന്നത് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിനടുത്തുള്ള ഗ്രീൻഗാർഡനിൽ ‘പ്രണവം’ വീട്ടിലാണ്. ഡോ. ജി.മോഹനാംബിഗയാണ് ഭാര്യ. ജെ.ധനജ്ഞയ്, ജെ. ഹരിപ്രിയ എന്നിവർ മക്കളാണ്. ശാന്തിഗിരി ആശ്രമത്തിന്റെ മരുന്നു നിർമ്മാണത്തിലും ഗവേഷണ പദ്ധതികളിലും പങ്കാളിയാണ്. ദേശീയ കമ്മീഷനു കീഴിൽ രൂപീകരിക്കപ്പെടുന്ന ആദ്യ സിദ്ധ ബോർഡിന്റെ പ്രസിഡന്റായി ഡോ.കെ. ജഗന്നാഥനെ തെരഞ്ഞെടുത്തതിൽ ഏറെ സന്തോഷമുണ്ടെന്നും ഇത് കേരളത്തിലെ സിദ്ധ ചികിത്സ വിഭാഗത്തിന് ലഭിച്ച അംഗീകാരമാണെന്നും ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പറഞ്ഞു. കേരളത്തിൽ നിന്നും ത്മിഴ്നാടിൽ നിന്നും നിരവധി പേരാണ് ഇതിനകം ആശംസകൾ അറിയിച്ചത്.

 

 

Related Articles

Back to top button