IndiaLatest

ഇന്ത്യയില്‍ കൊവിഡ് അവസാനിച്ചിട്ടില്ല

“Manju”

ദില്ലി: ഇന്ത്യയില്‍ കൊവിഡിന്റെ പ്രഭാവം അവസാനിക്കുന്നില്ല. രണ്ടാം തരംഗം കഴിഞ്ഞെങ്കിലും പല സംസ്ഥാനങ്ങളിലായി പുതു തരംഗങ്ങള്‍ ഉണ്ടായി കൊണ്ടിരിക്കുകയാണ്. ഒഡീഷയാണ് പുതിയ ഹോട്ട്‌സ്‌പോട്ടായി മാറിയിരിക്കുന്നതാണ്. ഒഡീഷയിലെ മെഡിക്കല്‍ കോളേജില്‍ 29 വിദ്യാര്‍ത്ഥികള്‍ക്കാണ് കൊവിഡ് ബാധിച്ചത്. അതേസമയം സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളില്‍ 53 വിദ്യാര്‍ത്ഥികള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വളരെ കുറച്ച്‌ കൊവിഡ് കേസുകള്‍ മാത്രമുള്ള സംസ്ഥാനമായിരുന്നു ഒഡീഷ. കൊവിഡിനെ പിടിച്ചുകെട്ടിയ സംസ്ഥാനമെന്ന പേരും ഒഡീഷയ്ക്കുണ്ടായിരുന്നു. എന്നാല്‍ പുതിയ തരംഗത്തില്‍ ഒഡീഷ കേരളത്തെ പോലെ വെല്ലുവിളി നേരിടേണ്ടി വരും.

സുന്ദര്‍ഗഡ് ജില്ലയിലെ സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂളില്‍ നിന്നും, സമ്പല്‍പൂര്‍ ജില്ലയിലെ വീര്‍ സുരേന്ദ്ര സായ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുമാണ് കൊവിഡ് കേസുകള്‍ പുതുതായി ഉണ്ടായിരിക്കുന്നത്. പനി പോലുള്ള ലക്ഷണങ്ങള്‍ കാണിക്കുന്ന വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ക്കായി സ്‌കൂളില്‍ നേരിട്ട് വരേണ്ടതില്ലെന്ന് ആരോഗ്യ വിഭാഗം ഡയറക്ടര്‍ നിരഞ്ജന്‍ മിശ്ര വ്യക്തമാക്കി. കോളേജ് വിദ്യാര്‍ത്ഥികളെ അപേക്ഷിച്ച്‌ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കൊവിഡ് ബാധിക്കാനുള്ള സാധ്യത ശക്തമാണ്. കാരണം കോളേജില്‍ വിദ്യാര്‍ത്ഥികളില്‍ നല്ലൊരു ശതമാനവും വാക്‌സിന്‍ സ്വീകരിച്ച്‌ കഴിഞ്ഞവരാണെന്നും മിശ്ര പറഞ്ഞു.

സുന്ദര്‍ഗഡില്‍ ഒരു വിദ്യാര്‍ത്ഥിനിക്കാണ് കൊവിഡ് ബാധിച്ചത്. ഈ കുട്ടി നവംബര്‍ 19ന് തലകറങ്ങി വീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി പ്രവേശിപ്പിച്ചപ്പോഴാണ് കൊവിഡ് പോസിറ്റീവായത്. ഇതിന് പിന്നാലെ ഈ കുട്ടിയുമായി ബന്ധപ്പെട്ടിരുന്ന ഒരു പെണ്‍കുട്ടിക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ സ്‌കൂള്‍ അധികൃതര്‍ കൂട്ട കൊവിഡ് പരിശോധന നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. അതേസമയം കൊവിഡ് പോസിറ്റീവായ എല്ലാ വിദ്യാര്‍ത്ഥികളുടെ ആരോഗ്യ നിലയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് സെന്റ് മേരീസ് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ഇവര്‍ ക്വാറന്റീനിലാണ്. ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നുകളും നല്‍കുന്നുണ്ട്. അതുകൊണ്ട് പ്രശ്‌നങ്ങളില്‍. നെഗറ്റീവായ ശേഷം ഇവര്‍ക്ക് സ്‌കൂളിലേക്ക് മടങ്ങാം.

അതേസമയം സമ്പല്‍പൂര്‍ ജില്ലയിലാണ് മറ്റ് 29 കേസുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മെഡിക്കല്‍ കോളേജില്‍ അടുത്തിടെ വാര്‍ഷിക പരിപാടികള്‍ നടന്നിരുന്നു. ഇതിന് പിന്നാലെ കൊവിഡ് കേസുകള്‍ വര്‍ധിച്ചത്. നൂറ് കണക്കിന് വിദ്യാര്‍ത്ഥികളാണ് വാര്‍ഷിക പരിപാടികളില്‍ പങ്കെടുത്തത്. പല വിദ്യാര്‍ത്ഥികളും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ചടങ്ങില്‍ പങ്കെടുത്തത്. സാമൂഹിക അകലം പാലിക്കുകയോ മാസ്‌ക് ധരിക്കുകയോ ഇവര്‍ ചെയ്തിരുന്നില്ല. ഇതാണ് കൊവിഡ് കേസുകള്‍ വന്‍ തോതില്‍ വര്‍ധിക്കാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍. ഇങ്ങനൊരു പരിപാടിയില്‍ കൊവിഡ് നിയമലംഘനം ഉണ്ടായതില്‍ കോളേജ് അധികൃതര്‍ക്കെതിരെയും വിമര്‍ശനമുണ്ട്.

മൂന്ന് ദിവസം മുമ്പ് ചെറിയ രോഗലക്ഷണങ്ങളുമായി ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിക്കാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചതെന്ന് ഡീന്‍ ജയശ്രീ ഡോറ പറഞ്ഞു. കോണ്‍ട്രാക് ട്രേസിംഗ് നടത്തിയതിന് പിന്നാലെ മറ്റുള്ളവരിലും കൊവിഡ് കണ്ടെത്തുകയായിരുന്നു. ഒരു വിദ്യാര്‍ത്ഥിനിക്കാണ് രണ്ടാമതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ കൂടുതല്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് കൊവിഡ് പോസിറ്റീവായി. 29 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. നിലവില്‍ തീരുമാനിച്ചിരുന്ന പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താനാണ് കോളേജ് അധികൃതരുടെ തീരുമാനം. ക്ലാസുകളും ഓണ്‍ലൈന്‍ വഴിയാക്കും.

പുരി ജില്ലയിലെ നവദ്യോദയ വിദ്യാലയത്തിന്റെ ഹോസ്റ്റലിലെ സ്റ്റാഫുകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഭുവനശ്വേറിനെ പപബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും കൊവിഡ് പോസിറ്റീവായി. അതേസമയം ഇന്ത്യയില്‍ പലയിടത്തും നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത് കൂടുതല്‍ രോഗികളെ ഉണ്ടാക്കുമെന്നാണ് ഭയം. വിവാഹങ്ങളില്‍ ആളുകളുടെ എണ്ണം വര്‍ധിക്കുന്നത് രോഗികളുടെ എണ്ണവും വര്‍ധിപ്പിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. മൂന്നാം തരംഗത്തിന്റെ ഭയം പലരില്‍ നിന്നും പോയിട്ടുണ്ട്. വാക്‌സിന്‍ എടുത്താല്‍ എല്ലാം സേഫായി എന്നും കരുതുന്നവരുണ്ട്. ഇത് പല സംസ്ഥാനങ്ങള്‍ക്കും തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍.

Related Articles

Back to top button