IndiaKeralaLatest

അപൂര്‍വ ജനിതക രോഗം ഇഞ്ചക്ഷന് വില പതിനാറ് കോടി രൂപ

“Manju”

ഹൈദരാബാദ്: അപൂര്‍വ ജനിതക രോഗം ബാധിച്ച മൂന്ന് വയസുകാരന്റെ ജീവന്‍ രക്ഷിക്കാന്‍ അണിനിരന്നത് ആയിരക്കണക്കിനുപേര്‍. ഹൈദരാബാദിലെ മൂന്ന് വയസുകാരനായ ആയാന്‍ഷ് ഗുപ്തയ്ക്ക് പതിനാറ് കോടി രൂപയുടെ ഇഞ്ചക്ഷനാണ് കുത്തിവച്ചത്.  ക്രൗഡ് ഫണ്ടിംഗിലൂടെ 62,450 പേര്‍ 14.84 കോടി സംഭാവന ചെയ്തു.ലോകത്തിലെ ഏറ്റവും വിലയേറിയ മരുന്നായ സോള്‍ഗെന്‍സ്മയുടെ ഒറ്റ ഡോസാണ് ബുധനാഴ്ച ഹൈദരാബാദിലെ റെയിന്‍ബോ ആശുപത്രിയില്‍ നിന്ന് കുട്ടി സ്വീകരിച്ചിരിക്കുന്നത്.
രണ്ട് വര്‍ഷം മുമ്പാണ് കുട്ടിയ്ക്ക് സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ജനിതക രോഗം കണ്ടെത്തുന്നത്. ആയാന്‍ഷ് ഗുപ്തയുടെ മാതാപിതാക്കളായ യോഗേഷ് ഗുപ്തയും രൂപല്‍ ഗുപ്തയും പണത്തിനായി ഒരുപാട് അലഞ്ഞു. കഴിഞ്ഞ നാല് മാസം കൊണ്ട് ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമായ ഇംപാക്റ്റ് ഗുരു വഴി ചികിത്സയ്ക്കായി പണം സ്വരൂപിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.
പണം നല്‍കിയവരോടും ആശുപത്രി ജീവനക്കാരോടും യോഗേഷും രൂപലും നന്ദി അറിയിക്കുകയും ചെയ്തു. രോഗം മാറി പുതിയ ജീവിതം കുട്ടിയ്ക്ക് ലഭിയ്ക്കുമെന്നാണ് പ്രതീക്ഷയെന്ന് ആയാന്‍ഷിന് ജീന്‍ തെറാപ്പി നല്‍കിയ ഡോ. രമേഷ് കൊനാങ്കി പറഞ്ഞു.റെയിന്‍ബോ ആശുപത്രിയില്‍ നിന്ന് മുന്‍പ് രണ്ട് കുട്ടികള്‍ക്ക് സോള്‍ജെന്‍സ്മ ജീന്‍ തെറാപ്പി നല്‍കിയിട്ടുണ്ട് . 2020 ഓഗസ്റ്റിലും ഈ വര്‍ഷം ഏപ്രിലിലുമായിരുന്നു നല്‍കിയത്.

Related Articles

Back to top button