India

നന്ദാ ദേവി മലനിരയിൽ വനിതാ പട്രോളിംഗ് സംഘം

“Manju”

ഡെറാഡൂൺ : രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ മലനിരയായ നന്ദാ ദേവിയിൽ കാവലൊരുക്കി പെൺപുലികൾ. ഫോറസ്റ്റ് ഗാർഡ് അംഗങ്ങളായ ദുർഗ സതി, റേഷ്ണി നേഗി, മംമ്ത കൻവാസി എന്നിവരെയാണ് ഉത്തരാഖണ്ഡിലെ 14,500 അടി ഉയരമുള്ള മലനിരകളിൽ പട്രോളിംഗിനായി വിന്യസിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് സംഘം ഇവിടെ നിലയുറപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. സമുദ്ര നിരപ്പിൽ നിന്നും 25,000 അടിയാണ് നന്ദാ ദേവിയുടെ ഉയരം.

നിബിഢ വനങ്ങൾ കൊണ്ട് സമ്പുഷ്ടമായ പ്രദേശമാണ് നന്ദാ ദേവി മലനിരകൾ. വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ജന്തു ജാലങ്ങൾ ഉൾപ്പെടെ കാടുകളിൽ ഉണ്ട്. അതുകൊണ്ടു തന്നെ കാടിന് മനുഷ്യനിൽ നിന്നുള്ള ഭീഷണിയും കൂടുതലാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് സംരക്ഷണത്തിനായി ഉദ്യോഗസ്ഥരെ നിയമിച്ചത്. മലനിരയിലെ ധരാസി മേഖലയിലാണ് ഇവർക്ക് ചുമതല നൽകിയിരിക്കുന്നത്.

സമുദ്ര നിരപ്പിൽ നിന്നും 11,150 അടി ഉയരത്തിലുള്ള ലതാ വനമേഖലവരെയാണ് സാധാരണയായി വനിതാ ഉദ്യോഗസ്ഥർക്ക് ചുമതല നൽകാറുള്ളത്. എന്നാൽ ധരാസിയിലെ ദൗത്യം ഏറ്റെടുക്കാൻ സന്നദ്ധരായി മൂന്ന് പേരും മുന്നോട്ടുവരികയായിരുന്നു.

മലനിരകളിലെ അപൂർവ്വ ജീവജാലങ്ങളെയും, സസ്യങ്ങളെയും സംരക്ഷിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഫോറസ്റ്റ് ഗാർഡ് അംഗം മംമ്ത പറഞ്ഞു. മേഖലയിൽ കൊള്ളക്കാരുടെയും, വേട്ടക്കാരുടെയും ശല്യമുണ്ട്. പ്രദേശത്തിന്റെ പൂർണ സുരക്ഷ തങ്ങൾ ഉറപ്പുവരുത്തുമെന്നും മംമ്ത കൂട്ടിച്ചേർത്തു.

Related Articles

Back to top button