KeralaLatest

കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് കൊച്ചി നഗര വികസനം അനിവാര്യം; മന്ത്രി മുഹമ്മദ് റിയാസ്

“Manju”

എറണാകുളം: കൊച്ചി നഗരത്തിന്റെ വികസനം കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് അനിവാര്യമാണെന്ന് പൊതുമരാമത്തു – ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. വളരെ ശ്രദ്ധിച്ചു ഇടപെടേണ്ട പ്രദേശമായാണ് കൊച്ചി കോര്‍പ്പറേഷനെ സര്‍ക്കാര്‍ കാണുന്നത്. നഗരത്തിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കും. പൊതുമരാമത്തു, ടൂറിസം വകുപ്പുകളുടെ കൊച്ചി നഗരസഭയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ ഭരണ ഉദ്യോഗസ്ഥതല ചര്‍ച്ചക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുമരാമത്തു ടൂറിസം വകുപ്പുകളിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും .

തമ്മനം പുല്ലേപ്പടി റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതുമായി ബന്ധപെട്ടു ജൂണ്‍ അവസാനം യോഗം ചേരും. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ പ്രേത്യേക ശ്രദ്ധ നല്‍കാന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു . വെള്ളക്കെട്ട് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കും. കൂടാതെ ശാശ്വത പരിഹാരം കാണുന്നതിനായി സംസ്ഥാനതലത്തില്‍ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

വൈറ്റില ഫ്ലൈ ഓവറിന്റെ താഴെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലം പരമാവധി പ്രയോജനപെടുത്തും. ഇവിടെ പൊതു ടോയ്ലറ്റ് കൊച്ചി കോര്‍പറേഷന്റെ സഹകരണത്തോടെ നിര്‍മിക്കും. റോഡ് ഗതാഗതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കും പരിഹാരം കാണും . പൊതുമരാമത്തുവകുപ്പിന്റെ സ്ഥലങ്ങളില്‍ സ്വകാര്യ പരസ്യ കമ്പനികള്‍ കയ്യേറിയിരിക്കുന്നത് വളരെ ഗൗരവത്തോടെയാണ് കാണുന്നത് . പൊതുമരാമത്തുവകുപ്പിന്റെ സ്ഥലം അളക്കാനും റിപ്പോര്‍ട്ട് നല്‍കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടി സ്വീകരിക്കും റെയില്‍വേ ഓവര്‍ ബ്രിഡ്‌ജുകളുടെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. കയ്യേറ്റങ്ങളോട് വിട്ടുവീഴ്ച ചെയ്യില്ല. വകുപ്പിന്റെ അനുമതിയില്ലാതെ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കും ജനങ്ങളുടെ സ്വത്തിനും നേരെയുള്ള കടന്നു കയറ്റമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു .

ജങ്ങള്‍ക്കു പൊതുമരാമത്തു വകുപ്പുമായി പ്രയാസങ്ങള്‍ പങ്കുവയ്ക്കാന്‍ നിലവിലുള്ള മൊബൈല്‍ ആപിന്റെ ട്രയല്‍ റണ്‍ നടന്നുകൊണ്ടിരിക്കുകയാണ് . ആപിന്റെ പോരായ്മകള്‍ പരിഹരിക്കും . നാലായിരം കിലോമീറ്റര്‍ റോഡിന്റെ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയാക്കി. ബാക്കി 31,000 കിലോമീറ്റര്‍ റോഡിന്റെ ഡിജിറ്റലൈസേഷനും വേഗത്തില്‍ പൂര്‍ത്തിയാക്കും . കൂടാതെ കണ്ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനവും വിപുലീകരിക്കും. ടോള്‍ ഫ്രീ നമ്ബരിലെ പരാതികള്‍ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുത്തി പരിഹാരനടപടികള്‍ നിരീക്ഷിക്കുന്നുണ്ട് .

ആഴ്ചയിലൊരിക്കല്‍ മന്ത്രി കണ്‍ട്രോള്‍ റൂമിലിരുന്ന് ജനങ്ങളുമായി സംവദിക്കുന്നതിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത് . വ്യക്തികളുടെ പരാതികള്‍ നാടിന്റെ പൊതു പ്രശ്നമായി കണ്ടാണ് തീരുമാങ്ങള്‍ എടുക്കുന്നതെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് ദേശീയ പാതയോട് ചേര്‍ന്ന് പൊതുമരാമത്തു വകുപ്പിന്റെ സ്ഥലത്തു പഴയ ബസ്സുകള്‍ ഉള്‍പ്പടെ കെട്ടിവെച്ചിരിക്കുന്നിടത്തു സാമൂഹ്യ വിരുദ്ധരുടെ ശല്യം ആണെന്ന് പരാതികിട്ടിയതിനെ തുടര്‍ന്ന് അവിടം ഒഴിപ്പിക്കും. ഈ സ്ഥലത്തു കോവിഡ് കാലം കൂടെ കണക്കിലെടുത്തു കുടുംബസമേതം യാത്ര ചെയുന്നവര്‍ക്ക്‌ പ്രജോജനം ആകുന്ന രീതിയില്‍ കംഫോര്‍ട് സ്റ്റേഷന്‍ നിര്‍മിക്കും. ഈ പ്രവര്‍ത്തി കേരളത്തിലാകെ വ്യാപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ റോഡുകളുടെ കാര്യത്തില്‍ ജനങ്ങള്‍ കാഴ്ചക്കാരായല്ല കാവല്‍ക്കാരായി മാറുകയാണ് എന്നും മന്ത്രി പറഞ്ഞു.

ഫോര്‍ട്ട് കൊച്ചി ചീനവലകളുടെ നവീകരണവും സംരക്ഷണവും സമയബന്ധിതമായി പൂര്‍ത്തിയാക്കും. കൂടാതെ ലോകോത്തര നിലവാരമുള്ള ടോയ്ലറ്റ് സമുച്ചയം ടൂറിസ്റ്റ് കേന്ദ്രത്തില്‍ നിര്‍മിക്കും. ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ സാധ്യതകളുമായി ബന്ധപെട്ടു കൊച്ചി കോര്‍പറേഷന്റെയും ടൂറിസം വകുപ്പിന്റെയും പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കും . കൊച്ചി കോര്‍പറേഷനും ടൂറിസം വകുപ്പുമായി ഒരുമിച്ചു എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി കൊച്ചിയെ കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷനാക്കി മാറ്റിത്തീര്‍ക്കുമെന്നു മന്ത്രി പറഞ്ഞു.
കോവിഡ് വളരെ ദോഷകരമായി ബാധിച്ച ഒരു മേഖലയാണ് ടൂറിസം . കോവിഡിന്റെ പ്രതിസന്ധിയെ മുറിച്ച കടക്കാന്‍ സാധിക്കും . ബഡ്ജറ്റില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കുന്നതുമായി ബന്ധപെട്ടു ബാങ്ക് പ്രതിനിധികളുടെ യോഗം വിളിച്ച ചേര്‍ക്കും.

കോവിഡ് രണ്ടാം തരംഗത്തിന്റെ രൂക്ഷത കുറഞ്ഞാലുടന്‍ 100 ശതമാനം വാക്‌സിനേഷന്‍ നടപ്പിലാക്കും. ഫോര്‍ട്ട് കൊച്ചി പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസ് മെച്ചപ്പെടുത്തുമെന്നും തൃപ്പൂണിത്തുറ ബൈപാസ് നിര്‍മ്മാണവുമായി ബന്ധപെട്ടു എന്‍എച്ച്എഐയുമായി ആലോചന യോഗം ചേരുമെന്നും ഓഗസ്റ്റ് ആദ്യവാരം കുതിരാന്‍ തുരങ്കത്തിന്റെ ഒരു ഭാഗം തുറക്കുമെന്നും മന്ത്രി പറഞ്ഞു. കൊച്ചി കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ നടന്ന പത്രസമ്മേളനത്തില്‍ കൊച്ചി കോര്‍പറേഷന്‍ മേയര്‍ എം അനില്‍കുമാര്‍ , ഡെപ്യൂട്ടി മേയര്‍ കെ എ അന്‍സിയ , സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാര്‍, കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button