India

അപൂർവ്വരോ​ഗം: ദയാവധം തേടി അമ്മ കോടതിയിൽ

“Manju”

ഹൈദരാബാദ് : അപൂർവ്വ രോഗം ബാധിച്ച മകന് ദയാവധത്തിന് അനുമതി തേടി കോടതിയെ സമീപിച്ച അമ്മയ്ക്ക് മടക്കയാത്രയിൽ സാക്ഷിയാകേണ്ടി വന്നത് മകന്റെ മരണത്തിന്. ഒൻപത് വയസുകാരനായ ഹർഷവർധനാണ് മടക്കയാത്രയിൽ ഓട്ടോറിക്ഷയിൽ വെച്ച് കോടതിയുടെ തീരുമാനത്തിന് കാത്തുനിൽക്കാതെ യാത്രയായത്. ആന്ധ്രാപ്രദേശിലെ പുങ്കനൂരിലാണ് സംഭവം. ഹർഷവർധന്റെ അമ്മ ചൊവ്വാഴ്ചയാണ് ദയാവധത്തിനായി പുങ്കനൂരിലെ കോടതിയെ സമീപിച്ചത്. എന്നാൽ കോടതിയിൽ അപേക്ഷ നൽകി രണ്ട് മണിക്കൂറിന് ശേഷം ഹർഷവർധൻ മരിച്ചു.

ആന്ധ്രയിലെ ചിറ്റൂർ ജില്ലയിലാണ് ഇവർ താമസിക്കുന്നത്. അപൂർവ രോഗവുമായി ജനിച്ച ഹർഷവർധൻ നാലുവർഷം മുൻപുണ്ടായ അപകടത്തെ തുടർന്ന് കിടപ്പിലായിരുന്നുവെന്ന് അമ്മ അരുണ പറയുന്നു. ഹർഷവർധന് നാല് വയസായിരുന്നപ്പോഴാണ് രോ​ഗം ബാധിച്ച വിവരം അറിയുന്നത്. തുടർന്ന് സ്ഥലം വിറ്റും സ്വർണം പണയം വെച്ചും ചികിത്സ നടത്തിയെങ്കിലും ആരോ​ഗ്യനില മെച്ചപ്പെട്ടില്ല. ചികിത്സയ്ക്കായി 4 ലക്ഷം രൂപയാണ് വായ്പയെടുത്തത്.

തുടർന്നും ചികിത്സ നടത്തുന്നതിന് പണമില്ലാതായതോടെയാണ് അരുണ കോടതിയെ സമീപിച്ചത്. കുട്ടിയുടെ ചികിത്സ നടത്താൻ സർക്കാർ സഹായിക്കണമെന്നും ഇല്ലെങ്കിൽ ദയാവധത്തിന് അനുവദിക്കാൻ അനുമതി നൽകണം എന്നുമാണ് അരുണ കോടതിയോട് അഭ്യർത്ഥിച്ചത്. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് രണ്ട് ദിവസമായി അവർ കോടതിയിൽ എത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കോടതിയിൽ നിന്നും വീട്ടിലേയ്ക്കുള്ള യാത്രാമദ്ധ്യേ ഹർഷവർദ്ധൻ രക്തസ്രാവം വന്ന് മരിക്കുകയായിരുന്നു.

Related Articles

Back to top button