India

മദ്യവിൽപന ശാലയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

“Manju”

ന്യൂഡൽഹി: സാമൂഹിക അകലം പാലിക്കാതെ ഉപഭോക്താക്കൾക്ക് മദ്യം വിതരണം ചെയ്ത മദ്യവിൽപന ശാലയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്. ഡൽഹിയിലാണ് സംഭവം. ഡൽഹി എക്‌സൈസ് വകുപ്പാണ് വിൽപന ശാലയുടെ എൽ-6 ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.

റൊഷണാര റോഡിലെ ഡൽഹി കൺസ്യൂമേഴ്‌സ് കോ ഓപ്പറേറ്റീവ് ഹോൾസെയിൽ സ്‌റ്റോറിനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെയും ബിയറിന്റെയും ചില്ലറ വിൽപനക്കാർക്ക് നൽകുന്ന ലൈസൻസാണ് എൽ-6. ഡൽഹി എക്‌സൈസ് ആക്ട് 2009 ലെ സെക്ഷൻ 17 സി അനുസരിച്ച് ഗുരുതരമായ വ്യവസ്ഥാ ലംഘനമാണ് ഉണ്ടായിരിക്കുന്നതെന്ന് എക്‌സൈസ് ചൂണ്ടിക്കാട്ടി.

വിൽപന ശാലയുടെ ലൈസൻസ് റദ്ദാക്കാനുളള കൃത്യവിലോപമാണ് ഉണ്ടായിരിക്കുന്നതെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. ഈ മാസം 30 ന് വൈകിട്ട് നാല് മണിക്ക് നേരിട്ട് ഹാജരാകണമെന്നും അല്ലെങ്കിൽ ഉത്തരവാദിത്വപ്പെട്ട പ്രതിനിധിയിലൂടെ രേഖാമൂലം വിശദീകരണം നൽകണമെന്നും നോട്ടീസിൽ പറയുന്നു. ഇതിൽ വീഴ്ച വരുത്തിയാൽ 2009 ലെ ഡൽഹി എക്‌സൈസ് ആക്ടിലെയും 2010 ലെ ഡൽഹി എക്‌സൈസ് റൂളിലെയും വകുപ്പുകൾ പ്രകാരം ലൈസൻസ് റദ്ദാക്കാനാകുമെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കൊറോണ വ്യാപനത്തെ തുടർന്ന് ഡൽഹിയിലെ മദ്യവിൽപനശാലകൾ അടച്ചിട്ടിരിക്കുകയായിരുന്നു. ലോക്ഡൗൺ ഇളവുകളുടെ ഭാഗമായി ജൂൺ 13 നാണ് മദ്യശാലകൾ തുറക്കുന്നതായി പ്രഖ്യാപിച്ചത്. രാവിലെ 10 മുതൽ വൈകിട്ട് 8 മണി വരെ തുറക്കാനായിരുന്നു അനുമതി നൽകിയത്.

Related Articles

Back to top button